പനച്ചിക്കാട് : ഗ്രാമ പഞ്ചായത്തിൽ കുഴിമറ്റത്തെ ജനപ്രതിനിധികൾക്ക് ഇനി കുറുക്കൻമാരുടെ പിന്നാലെ നടക്കാം . പഞ്ചായത്തിൻ്റെ ഹൈസ്കൂൾ വാർഡിൽ പാറപ്പുറം ഭാഗത്ത് പല വീടുകളിലെയും കോഴികളുടെ സംരക്ഷണ മേറ്റെടുത്തിരിക്കുന്നത് കഴിഞ്ഞ ഒരു മാസമായി രണ്ടു കുഞ്ഞി കുറുക്കൻമാരാണ് . കോഴികളെ വളർത്തുന്ന വീടുകളിൽ കൂടുകൾക്ക് സമീപം ഇരുട്ടു വീണു തുടങ്ങുമ്പോൾ വന്ന് മണിക്കൂറുകളോളം കോഴിക്കൂട്ടിലേയ്ക്ക് നോക്കിയിരുപ്പാണ് പ്രധാന ജോലി . ആളനക്കം കാണുമ്പോൾ ഓടി മാറുമെങ്കിലും വീണ്ടും കൂടിനു സമീപം സ്ഥാനം പിടിക്കും . രണ്ടിൽ ഒരെണ്ണം ചെറുതും വലിപ്പമുള്ളതിന് ഒരു കാലിന് മുടന്തുമുണ്ടെന്ന് ഇവയെ കണ്ട വീട്ടുകാർ പറയുന്നു . കുന്നങ്കര ഭാഗത്തെ ഒരു വീട്ടിലെ കോഴികളെ കടിച്ചു കൊണ്ടുപോയെങ്കിലും അത് കുറുക്കനാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
വീട്ടിലെ കോഴിക്കൂടിനു സമീപമെത്തിയ ഇവയെ റിട്ട. ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസർ കുഴിമറ്റം പ്ലാപ്പറമ്പിൽ ജോയി കുര്യനാണ് ആദ്യം കുറുക്കനാണെന്ന് തിരിച്ചറിഞ്ഞത് . വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ റോയിമാത്യു കുറുക്കൻ്റെ ചിത്രം മൊബൈൽ ഫോണിലെങ്കിലും പകർത്തുവാൻ വീട്ടുകാരെ സംഘടിപ്പിച്ച് പല ദിവസങ്ങൾ കാവലിരുന്നെങ്കിലും സാധിച്ചില്ല . ഒടുവിൽ കഴിഞ്ഞയാഴ്ച ഒരു ദിവസം രാത്രിയിൽ ഇവ മിക്ക ദിവസവുമെത്തുന്ന പ്ലാപ്പറമ്പിൽ ബിജു പി മാത്യുവിൻ്റെ റബർ തോട്ടത്തിനുള്ളിലേയ്ക്ക് ഓടിച്ചു കയറ്റിയ സ്കൂട്ടറിൻ്റെ ഹെഡ്ലൈറ്റിൻ്റെ വെളിച്ചത്തിൽ അപ്രതീക്ഷിതമായി കുറുക്കനെ കണ്ടതായി റോയി മാത്യു പറഞ്ഞു . വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും ആരും ഇതുവരെ ഈ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല .