പാലക്കാട്: പിരായിരി കൊടുന്തിരപ്പുള്ളിയിൽ വീട്ടുവഴക്കിനിടെ സിജിൽ (31) വെട്ടേറ്റ് മരിച്ച സംഭവത്തിൽ അച്ഛൻ കെ.ശിവനെ (53) റിമാൻഡ് ചെയ്തു. തിങ്കളാഴ്ച രാത്രി പത്തോടെ കസ്റ്റഡിയിലായ ശിവനെ വിശദമായി ചോദ്യംചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തി ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയത്.
തിങ്കളാഴ്ച വൈകീട്ട് നാലരയോടെ മദ്യപിച്ചെത്തിയ സിജില്‍ ഭാര്യ ദൃശ്യയോട് വഴക്കിട്ടിരുന്നുവെന്നു പോലീസ് പറയുന്നു. പുറത്തുപോയിരുന്ന അച്ഛനും അമ്മയും തിരിച്ചുവന്നപ്പോള്‍ ഇത് ചോദ്യംചെയ്തതോടെ സിജില്‍ അവർക്കുനേരെ തിരിഞ്ഞു. ഇതിനിടെ സിജില്‍ വാളെടുത്ത് അമ്മയെ വെട്ടാനോങ്ങിയെന്നും ഇതു കണ്ട് സിജിലിന്റെ മൂന്നുവയസ്സുള്ള മകളെ മുറിയില്‍ പൂട്ടിയിട്ടെന്നും അച്ഛൻ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിജില്‍ അമ്മയെയും ഭാര്യയെയും വെട്ടുമെന്നായപ്പോഴാണ് വാള്‍ പിടിച്ചുവാങ്ങിയതെന്നും തർക്കത്തിനിടെ മകനു വെട്ടേല്‍ക്കുകയായിരുന്നെന്നുമാണ് അച്ഛൻ പറഞ്ഞതെന്ന് നോർത്ത് പോലീസ് പറഞ്ഞു. വൈകീട്ട് ആറരയ്ക്കും ഏഴിനുമിടയിലാണ് സംഭവം.
വെട്ടേറ്റ സിജില്‍ വാള്‍ പിടിച്ചുവാങ്ങി വീണ്ടും ഇവരുടെ നേരെ തിരിഞ്ഞതോടെ അച്ഛനും അമ്മയും അടുത്ത വീട്ടിലേക്കോടി. ഭാര്യ മുറിയില്‍ കയറി കതകടച്ചു. ഇതോടെ സിജില്‍ അനിയന്റെ ഭാര്യാസഹോദരനെ വിളിച്ചു. ഇയാള്‍ എത്തി വാഹനങ്ങള്‍ക്ക് കൈ കാണിച്ചെങ്കിലും ആരും നിർത്തിയില്ല. പിന്നീട്, ബൈക്കിലാണ് സിജിലിനെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ മരിച്ചു.
സ്ഥിരമായി മദ്യപിച്ചെത്തുന്നയാളാണ് സിജിലെന്നും ഇടയ്ക്കിടെ വഴക്കുണ്ടാക്കുന്നതുകൊണ്ട് അയല്‍വാസികളാരും പ്രശ്നത്തില്‍ ഇടപെട്ടില്ലെന്നുമാണ് പോലീസ് നല്‍കുന്ന വിവരം. വിവിധ സ്റ്റേഷനുകളിലായി സിജിലിന്റെ പേരില്‍ 21 കേസുകളുണ്ട്. സാമൂഹികവിരുദ്ധപ്രവർത്തനങ്ങള്‍ തടയല്‍ നിയമം (കാപ്പ) ചുമത്തി ജില്ലയില്‍ പ്രവേശിക്കാൻ വിലക്കുമേർപ്പെടുത്തിയിരുന്നു. ഒൻപതു മാസത്തിനുശേഷം കഴിഞ്ഞ ജനുവരിയിലാണ് സ്ഥലത്തെത്തിയത്.