കോട്ടയം: രാജ്യത്തേ യുവാക്കൾ തൊഴിലില്ലാതെ ബുദ്ധിമുട്ടുമ്പോൾ തൊഴിലാളികളുടെ അവകാശങ്ങൾ വീണ്ടും വീണ്ടും കവർന്നെടുക്കുമ്പോൾ രാജ്യം വികസനത്തിന്റെ പാതയിലാണെന്ന് പറയുന്നതിൽ അർത്ഥമുണ്ടോ എന്ന് ചിന്തിക്കണമെന്ന് എ.ഐ.ബി.ഇ.എ ജനറൽ സെക്രട്ടറി സി.എച്ച് വെങ്കിടാചലം. ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ ഓൾ ഇന്ത്യ കോൺഫറൻസ് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം വികനസത്തിന്റെ പാതയിലാണ് എന്ന് അവകാശപ്പെടുമ്പോൾ രാജ്യം എങ്ങോട്ടാണ് പോകുന്നത് എന്ന് ചിന്തിക്കണം. വികനസമുണ്ടെന്ന് അവകാശപ്പെടുമ്പോഴും ഇത്തരം അതിക്രമങ്ങൾ ഉണ്ടാകുന്നതും വർദ്ധിക്കപ്പെടുന്നതും ചർച്ചയാകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിങ് മേഖലയിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നയങ്ങൾ ഈ മേഖലയെ തകർക്കുകയാണ്. ബാങ്കിങ് മേഖലയിലെ സ്വകാര്യ വത്കരണത്തെക്കുറിച്ചാണ് കേന്ദ്ര സർക്കാർ ചിന്തിക്കുന്നത്. സ്വകാര്യ ബാങ്കുകളുടെയും സ്വകാര്യ മേഖലയുടെ പ്രവർത്തനത്തെപ്പറ്റിയുമാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ സംസാരിക്കുന്നത് പോലും. ഈ സാഹചര്യത്തിൽ ഈ നയങ്ങളെ ചെറുത്ത് തോൽപ്പിക്കാനുള്ള തീരുമാനങ്ങളാകണം സമ്മേളനത്തിൽ ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിനു മുന്നോടിയായി ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് വിശാൽ താക്കൂർ പതാക ഉയർത്തി. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിയും സ്വാഗത സംഘം ചെയർമാനുമായ അഡ്വ.വി.ബി ബിനു, ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി എ.ആർ സുജിത്ത് രാജു, ട്രഷറർ കെ.ഒ ജോണി, എ.കെ.ബി.ഇ.എഫ് ജനറൽ സെക്രട്ടറിയും എ.ഐ.ബി.ഇ.എ ജോയിന്റ് സെക്രട്ടറിയുമായ ബി.രാമപ്രകാശ് എന്നിവർ പ്രസംഗിച്ചു.
തൊഴിൽ നിയമങ്ങളെ തച്ചുടക്കാനും രാജ്യത്തെ തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കാനുമുള്ള ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കും : സി.എച്ച് വെങ്കിടാചലം : ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ ഓൾ ഇന്ത്യ കോൺഫറൻസിന് കോട്ടയത്ത് തുടക്കമായി
