കിന്നാവൂർ (ഹിമാചൽപ്രദേശ്): സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടറായ ശ്യാംശരൺ നെഗി(106) അവസാനമായി വോട്ട് ചെയ്ത് മണിക്കൂറുകൾക്കകം അന്തരിച്ചു. ഹിമാചൽപ്രദേശിലെ കിന്നാവൂർ ജില്ലയിലെ കൽപ സ്വദേശിയാണ് ശ്യാംശരൺ നെഗി. ശ്യാംശരൺ നെഗി ബുധനാഴ്ച ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിലൂടെ സമ്മതിദാനാവകാശം വിനിയോഗിച്ചിരുന്നു. ഇത് 34-ാം തവണയാണ് ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പിൽ നെഗി വോട്ട് ചെയ്തത്.ശ്യാംശരൺ നെഗിയുടെ സംസ്ക്കാര ചടങ്ങുകൾ പൂർണ ഔദ്യോഗിക ബഹുമതികലോടെ നടത്തുമെന്ന് കിന്നാവുർ ജില്ലാ കമ്മീഷണർ ഹുസൈൻ സാദിഖ് അറിയിച്ചു.
നെഗിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിച്ചപ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞു. ‘സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടറായ ശ്യാംശരൺ നെഗി അന്തരിച്ചെന്ന വിവരം ദുഃഖമുണ്ടാക്കുന്നതാണ്. 106-ാം വയസിലും അദ്ദേഹം ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിച്ചു. മരണത്തിന് മുമ്പ് അദ്ദേഹം കർത്തവ്യം നിർവ്വഹിച്ചു. ഇത് ഏതൊരു പൌരനും പ്രചോദനമാകണം’- പ്രധാനമന്ത്രി പറഞ്ഞു.