മുംബൈ: ഓർഡർ ചെയ്ത ഐ ഫോണ്‍ നൽകാതെ ഓർഡർ തന്നെ റദ്ദാക്കിയതിന് ഓണ്‍ലൈൻ ഷോപ്പിങ് സൈറ്റായ ഫ്ലിപ്പ് കാർട്ടിന് പിഴ വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ഐഫോൺ ഓർഡർ റദ്ദാക്കിയതോടെ ഉപഭോക്താവ് അനുഭവിച്ച മനോവേദനയ്ക്ക് പകരമായി 10,000 രൂപ നൽകാനാണ് ഉപഭോക്തൃ കമ്മീഷൻ ഫ്ലിപ്കാർട്ടിനോട് ആവശ്യപ്പെട്ടത്. അന്യായമായ വ്യാപാര രീതിയും സേവനത്തിലെ പോരായ്മയും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിധി. ഉപഭോക്താവിന് പണം തിരികെ ലഭിച്ചെങ്കിലും തന്റെ ഓർഡർ ഏകപക്ഷീയമായി റദ്ദാക്കപ്പെട്ടതിൽ അനുഭവിച്ച മാനസിക വേദനയ്ക്കും ധനനഷ്ടത്തിനും നഷ്ടപരിഹാരം നൽകേണ്ടതുണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. സെൻട്രൽ മുംബൈയിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റേതാണ് ഉത്തരവ്.
ദാദർ നിവാസിയായ പരാതിക്കാരൻ 2022 ജൂലൈ 10നാണ് ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ ഓർഡർ ചെയ്തത്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 39,628 രൂപ നൽകി. ജൂലൈ 12 ന് ഫോൺ ഡെലിവർ ചെയ്യേണ്ടതായിരുന്നു. എന്നാൽ ഓർഡർ റദ്ദാക്കിയതായി ആറ് ദിവസത്തിന് ശേഷം ഫ്ലിപ് കാർട്ടിൽ നിന്ന് സന്ദേശം ലഭിച്ചു. ഡെലിവറി ബോയ് ഫോണ്‍ ഡെലിവറി ചെയ്യാൻ പലതവണ ശ്രമിച്ചെങ്കിലും പരാതിക്കാരനെ ലഭ്യമായില്ലെന്നും അതിനാൽ ഓർഡർ റദ്ദാക്കിയെന്നുമാണ് അന്വേഷിച്ചപ്പോള്‍ ഫ്ലിപ്കാർട്ട് പറഞ്ഞത്. ഇത് ഓൺലൈൻ തട്ടിപ്പാണെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരൻ ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓൺലൈൻ പ്ലാറ്റ്ഫോം മാത്രമാണ് ഫ്ലിപ് കാർട്ടെന്നും പ്ലാറ്റ്ഫോമിലെ എല്ലാ ഉൽപ്പന്നങ്ങളും തേർഡ് പാർട്ടിയാണ് വിൽപ്പന നടത്തുന്നതെന്നുമായിരുന്നു മറുപടി. ഈ കേസിലെ വിൽപ്പനക്കാരൻ ഇന്റർനാഷണൽ വാല്യൂ റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡായിരുന്നു, പരാതിക്കാരനും വിൽപ്പനക്കാരനും തമ്മിൽ നടത്തിയ ഇടപാടിൽ ഫ്ലിപ്കാർട്ടിന് ഒരു പങ്കുമില്ലെന്നും വാദിച്ചു. പണം തിരികെ നൽകിയതാണ്. പരാതിക്കാരനും വിൽപ്പനക്കാരനും തമ്മിലാണ് തർക്കമെന്നും തങ്ങള്‍ക്കെതിരെ നടപടിയെടുക്കാൻ ഒരു കാരണവുമില്ലെന്നും ഫ്ളിപ്കാർട്ട് മറുപടി നൽകി.
എങ്കിലും ഫ്ലിപ്കാർട്ട് ഓർഡർ ഏകപക്ഷീയമായി റദ്ദാക്കി എന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. ഫോണ്‍ പരാതിക്കാരന് ഡെലിവർ ചെയ്യാൻ പലതവണ ശ്രമിച്ചു എന്നതിന് തെളിവ് ഹാജരാക്കാൻ ഫ്ലിപ്കാർട്ടിന് കഴിഞ്ഞില്ല. ഓർഡർ റദ്ദാക്കിയ ശേഷം പുതിയ ഓർഡർ നൽകാനാണ് ഫ്ലിപ് കാർട്ട് പരാതിക്കാരനോട് ആവശ്യപ്പെട്ടത്. അപ്പോഴേക്കും ഫോണിന്റെ വില 7000 രൂപ കൂടി. അധികലാഭം നേടാനാണ് ഫ്ലിപ്കാർട്ട് മനപ്പൂർവ്വം ഇത് ചെയ്തതെന്നും ഇത് സേവനത്തിലെ പോരായ്മയാണെന്നും ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ ഫ്ലിപ്കാർട്ടിന് പിഴയിട്ടത്.