കോഴിക്കോട് : കാസർഗോഡ് പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവം കേരളത്തെ ഞെട്ടിച്ചതിന് പിന്നാലെ, പ്രായപൂർത്തിയാകാത്ത കുട്ടികൾ ഡേറ്റിംഗ് ആപ്പുകൾ വഴി വ്യാപകമായി ചൂഷണത്തിന് ഇരയാകുന്നതായി അന്വേഷണങ്ങൾ വെളിപ്പെടുത്തുന്നു.‘ജി ആർ’ (Grindr) എന്നറിയപ്പെടുന്ന ഡേറ്റിംഗ് ആപ്ലിക്കേഷനാണ് ഇപ്പോൾ കൂടുതലായും കുട്ടികളെ വലയിലാക്കാൻ ഉപയോഗിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആപ്പിന്റെ ഉപഭോക്തൃ നിബന്ധനപ്രകാരം പതിനെട്ട് വയസ്സിന് താഴെയുള്ളവർക്ക് ഉപയോഗിക്കാനാവില്ലെങ്കിലും, ഫോൺ നമ്പറും ഇമെയിലും ഉപയോഗിച്ച് തെറ്റായ പ്രായം നൽകി കുട്ടികൾ അക്കൗണ്ട് തുറക്കുന്നുണ്ട്.സ്വന്തമായി ഫോൺ ഇല്ലാത്തവർ വീട്ടുകാരുടെ ഫോണിൽ അക്കൗണ്ട് ഉണ്ടാക്കി, പാസ്വേഡ് ഓർത്ത് വച്ചശേഷം ആപ്പ് അൺഇൻസ്റ്റാൾ ചെയ്യുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ രക്ഷിതാക്കൾക്ക് കാര്യം അറിയാനാവുന്നില്ല. പിന്നീടോ, ഫോണിൽ വീണ്ടും ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിച്ചുതുടങ്ങും.അക്കൗണ്ട് സൃഷ്ടിച്ചാൽ തുടർച്ചയായ സന്ദേശങ്ങളാണ് എത്തുന്നത്.
പേരും വയസ്സും ചിത്രങ്ങളും ചോദിച്ച് തുടങ്ങിയാലും, ഒടുവിൽ ലൈംഗിക ആവശ്യങ്ങളിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ചിലർ ആദ്യം തന്നെ ആവശ്യങ്ങൾ വെളിപ്പെടുത്തുമ്പോൾ, ചിലർ ഉപദേശത്തിന്റെയോ വാത്സല്യത്തിന്റെയോ രൂപത്തിൽ സംഭാഷണം ആരംഭിച്ച് പിന്നീട് ആവശ്യങ്ങൾ മുന്നോട്ടുവയ്ക്കും.താൽപര്യമില്ലെന്ന് പറഞ്ഞാൽ പണവാഗ്ദാനവും, വഴങ്ങാതിരുന്നാൽ ഭീഷണിപ്പെടുത്തലും സാധാരണമാണ്. “ലഹരി വേണോ?” എന്ന സന്ദേശങ്ങളും ഇടയ്ക്കിടെ എത്തുന്നു. പൊലീസിന്റെ പിടിയിൽപ്പെടാതെ ലഹരി ഒളിപ്പിക്കാൻ കഴിയുന്ന രീതികളും ചിത്രങ്ങളിലൂടെ തന്നെ വിശദീകരിക്കപ്പെടുന്നു. ഇതിൽ കുടുങ്ങുന്നവരാണ് ലഹരി വിതരണത്തിനും വില്പനക്കും ഉപയോഗിക്കപ്പെടുന്നത്.ലഹരി നൽകി മയക്കിയശേഷം കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കേസുകളും പുറത്തുവരുന്നതായി അന്വേഷണ ഏജൻസികൾ പറയുന്നു.