നിത്യജീവിതത്തിൽ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾ പലതാണ്. ഗ്യാസ്, പുളിച്ചുതികട്ടൽ, നെഞ്ചെരിച്ചിൽ പോലുള്ള ഉദരസംബന്ധമായ പ്രശ്നങ്ങളാണ് അധികപേരും സാധാരണയായി നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾ. ആമാശയത്തിലുണ്ടാകുന്ന ദഹനരസം അന്നനാളം അടക്കമുള്ള മുകൾഭാഗത്തേക്ക് കയറിവരുന്നതോടെയാണ് നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലുമെല്ലാം അനുഭവപ്പെടുന്നത്. ചിലർക്ക് ആരോഗ്യപരമായ പ്രശ്നങ്ങളുള്ളത് മൂലം ഇത് കൂടെക്കൂടെ അനുഭവപ്പെടാം. മറ്റ് ചിലർക്ക് ഭക്ഷണമായിരിക്കും ഇതിന് കാരണമാകുന്നത്. അത്തരത്തിൽ നെഞ്ചെരിച്ചിലിനും പുളിച്ചുതികട്ടലിനും കാരണമായി വരുന്ന ചില ഭക്ഷണപാനീയങ്ങളെ കുറിച്ചറിയാം.
1) സ്പൈസിയായ ഭക്ഷണം കഴിക്കുന്നത് നെഞ്ചെരിച്ചിലിനും പുളിച്ചുതികട്ടലിനുമെല്ലാം കാരണമായി വരാം. പ്രത്യേകിച്ച് രാത്രിയിൽ ഇത്തരത്തിലുള്ള ഭക്ഷണം ഒഴിവാക്കുന്നതാണ് ഉചിതം. അതുപോലെ സ്പൈസിയായ ഭക്ഷണത്തിന് ശേഷം ഫ്രൂട്ട്സ് കഴിക്കുന്നതും ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2) കഫീൻ, പ്രധാനമായും കാപ്പിയിൽ കാണുന്ന ഘടകവും നെഞ്ചെരിച്ചിലുണ്ടാക്കാം. കാപ്പിയിൽ മാത്രമല്ല സോഡ, ചായ, ഐസ്ഡ് ടീ എന്നിങ്ങനെ പല പാനീയങ്ങളിലും കഫീൻ അടങ്ങിയിട്ടുണ്ട്. കാപ്പി കഴിക്കുന്നത് കൊണ്ട് പ്രശ്നമില്ല എന്നാൽ വെറുംവയറ്റിൽ കാപ്പി കഴിക്കുന്നതോ, അമിതമായ അളവിൽ കാപ്പി കഴിക്കുന്നതോ ആകാം പ്രശ്നമാകുന്നത്.
3) ചിലർക്ക് പുതിനയും നെഞ്ചെരിച്ചിലിന് കാരണമാകാറുണ്ട്. പ്രത്യേകിച്ച് വയർ നിറയെ ഭക്ഷണം കഴിച്ച ശേഷമാണെങ്കിൽ.
4) ചോക്ലേറ്റും നെഞ്ചെരിച്ചിലിന് ഇടയാക്കാം. ചോക്ലേറ്റ് കഴിക്കുന്നത് കൊണ്ട് നമുക്ക് സന്തോഷം നൽകുന്ന സെറട്ടോണിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കപ്പെടും. എന്നാൽ ഇതിനൊപ്പം തന്നെ നെഞ്ചെരിച്ചിലും ഉണ്ടാകാം.
5) കാർബണേറ്റഡ് പാനീയങ്ങൾ കഴിക്കുന്നത് മൂലവും നെഞ്ചെരിച്ചിലുണ്ടാകാനുള്ള സാധ്യത വളരെയധികം കൂടാം. ഇത് പതിവായി കഴിക്കുന്നത് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കുകയും ചെയ്യാം.
6) മദ്യപിക്കുന്നതും നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലുമുണ്ടാകാൻ കാരണമാകാം. പ്രത്യേകിച്ച് സ്പൈസിയായ ഭക്ഷണം കൂടെ കഴിക്കുക കൂടി ചെയ്യുമ്പോൾ. പതിവായി മദ്യപിക്കുന്നവരിൽ ഉദരസംബന്ധമായ പ്രശ്നങ്ങളും പതിവായിരിക്കും.