മുന്‍ മിസ് കേരളയും റണ്ണറപ്പും അടക്കം മൂന്ന് പേരുടെ മരണം ; ശീതളപാനീയത്തില്‍ ലഹരി കലര്‍ത്തി നല്‍കിയതായി സംശയം ; കേസിൽ ദുരൂഹതയേറുന്നു

കൊച്ചി: മുന്‍ മിസ് കേരളയും റണ്ണറപ്പും അടക്കം മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു.മോഡലുകള്‍ നമ്പര്‍ 18 ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തു മടങ്ങവെയാണ് മരണത്തിനു ഇടയാക്കിയ അപകടം നടന്നത്. ഈ പാര്‍ട്ടിയില്‍ വച്ച്‌ മോഡലുകള്‍ക്ക് ശീതളപാനീയത്തില്‍ കലര്‍ത്തി ലഹരി നല്‍കിയെന്ന സംശയമാണു ഇപ്പോള്‍ ബലപ്പെടുന്നത്.
എന്നാല്‍, ഇവരുടെ രക്തസാംപിള്‍ ശേഖരിക്കാതിരുന്നത് അന്വേഷണത്തിനു തിരിച്ചടിയാകും. മോഡലുകളെ കബളിപ്പിച്ചു ലഹരി കഴിപ്പിച്ചെന്ന് അന്വേഷണ സംഘത്തിനു ലഭിച്ച രഹസ്യസന്ദേശം സ്ഥിരീകരിക്കാന്‍ നിശാപാര്‍ട്ടി നടന്ന ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ വീണ്ടെടുക്കണം. മിസ് കേരള അന്‍സി കബീറിനെ ഹോട്ടലുടമ റോയിക്കു മുന്‍ പരിചയമുണ്ട്. അന്‍സിയുടെ അമ്മയും റോയിയും നഗരത്തിലെ ഒരേ കോളജിലെ പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയിലെ അംഗങ്ങളാണ്. മിസ് കേരള സൗന്ദര്യപ്പട്ടം ലഭിച്ചപ്പോള്‍ അന്‍സിയെ ക്ഷണിച്ചു വരുത്തി റോയിയുടെ നേതൃത്വത്തില്‍ അനുമോദിച്ചിരുന്നു. ഈ മുന്‍ പരിചയമാണ് അന്‍സിയും സുഹൃത്തുക്കളും റോയിയുടെ ഹോട്ടലിലെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വഴിയൊരുക്കിയത്.

Hot Topics

Related Articles