കോട്ടയം: ക്രിസ്തുവിന്‍റെ ഹൃദയത്തുടിപ്പുള്ള മഹാ ഇടയനായിരുന്നു കാലം ചെയ്ത ഫ്രാൻസീസ് മാർപാപ്പയെന്നു കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ അനുസ്മരിച്ചു. തന്‍റെ വാക്കിലും പ്രവൃത്തിയിലും അദ്ദേഹം ക്രിസ്തുവിന്‍റെ സുവിശേഷം ലോകത്തോട് പറയുകയായിരുന്നു. അവസാനനിമിഷം വരെ ലോകസമാധാനത്തിനുവേണ്ടി ആഹ്വാനം ചെയ്ത മാർപാപ്പയായിരുന്നു അദ്ദേഹം. മത വിശ്വാസങ്ങളെയും ആചാരങ്ങളെയും മുറുകെപ്പിടിച്ചുകൊണ്ടു തന്നെ നിലപാടുകളെടുക്കുന്ന കാര്യത്തില്‍ ഉറച്ച ശബ്ദമായിരുന്നു എന്നും ഫ്രാന്‍സിസ് മാര്‍പാപ്പയുടേത്. സാധാരണക്കാരേയും സ്ത്രീകളേയും യുദ്ധ മുഖത്തുള്ളവരേയും ഭിന്ന ലിംഗക്കാരേയുമെല്ലാം മുറുകെ പിടിച്ചുകൊണ്ടായിരുന്നു അദേഹത്തിന്റെ യാത്ര.
ഫ്രാൻസിസ് മാർപ്പാപ്പയിലൂടെ ലോകം കേട്ടതു ക്രിസ്തുവിന്‍റെ വാക്കുകളായിരുന്നു, ബൈബിളിന്‍റെ സന്ദേശമായിരുന്നു, സഭയുടെ കാഴ്ചപ്പാടായിരിന്നു.മുതലാളിത്തത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വിമർശനങ്ങളും ശ്രദ്ധേയമായിരുന്നു. ‘ലാദാത്തോ സെ’ എന്ന ചാക്രികലേഖനത്തിൽ ആഗോളവത്കരണം അടിച്ചേൽപ്പിച്ച സാമ്പത്തിക അനീതികളെക്കുറിച്ച് പോപ്പ് ഫ്രാൻസിസ് വിശദമാക്കിയിരുന്നുവെന്നും മോൻസ് ജോസഫ് എംഎൽഎ അനുസ്മരിച്ചു.