കോട്ടയം :-ഐക്യരാഷ്ട്ര വിദ്യാഭ്യാസ ശാസ്ത്രീയ സാംസ്കാരിക സംഘടനയായ യുനസ്കോ (unesco) യുടെ ലോക പഠന നഗര ശൃംഗലയിൽ കോട്ടയം നഗരത്തെ ഉൾപ്പെടുത്താൻ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം അപേക്ഷ സമർപ്പിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി.അറിയിച്ചു.
കോട്ടയം നഗരസഭയാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് ഇത് സംബന്ധിച്ച അപേക്ഷ നൽകിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആജീവനാന്ത പഠനത്തെ പ്രോൽസാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ, സാമൂഹ്യ സാംസ്കാരിക രംഗത്തെ നേട്ടങ്ങൾ, പ്രസിദ്ധീകരണങ്ങൾ, എന്നിവ എല്ലാം വിലയിരുത്തിയാണ് പഠന നഗരമെന്ന ശ്രേണിയിൽ യുനസ്കോ നഗരങ്ങൾക്ക് പ്രത്യേക പദവി നൽകി ഉൾപ്പെടുത്തുന്നത്.
നൂറ് ശതമാനം സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ നഗരമായ കോട്ടയം “അക്ഷര നഗരി ” എന്ന പേരിൽ അറിയപ്പെടുന്നു.
മലയാളത്തിലെ ആദ്യ പത്രങ്ങളായ ദ്വീപിക,മനോരമ എന്നിവക്ക് തുടക്കം കുറിച്ച നഗരം, ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ, എഴുത്തുകാരെ പ്രോൽസാഹിപ്പിക്കുന്നതിനായി രൂപീകരിച്ച സാഹിത്യ പ്രവർത്തക സഹകരണ സംഘം, അക്ഷര മ്യൂസിയം എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങൾ അപേക്ഷയിൽ ചേർത്തിട്ടുണ്ട്.
കോട്ടയത്തെ പുരാതന ദൈവാലയങ്ങൾ, നവോത്ഥാന നായകന്മാർ, യൂണിവേഴ്സിറ്റി, കോളജുകൾ, സ്കൂളുകൾ, എന്നിവയെ കുറിച്ചും അപേക്ഷയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്
യുനെസ്കോ അംഗീകരിച്ച കൂടിയാട്ടം, മുടിയാട്ടം എന്നീ കോട്ടയത്തെ അനുഷ്ഠാനകലകളെ കുറിച്ചുള്ള വിവരങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്.
കോട്ടയം നഗരവും ആയി ബന്ധപ്പെട്ട വിവരങ്ങൾ ചേർത്ത് തയ്യാറിക്കി സമർപ്പിച്ച അപേക്ഷ പരിശോധിച്ചതിനു ശേഷമാണ് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം യുനസ്കോക്ക് സമർപ്പിച്ചിരിക്കുന്നത്.
ആവശ്യമായ എല്ലാ അനുബന്ധ രേഖകളും അപേക്ഷയോടൊപ്പം ചേർത്തിട്ടുണ്ട്.
യുനസ്കോ അപേക്ഷ വിലയിരുത്തിയതിന് ശേഷം തീരുമാനം കൈക്കൊള്ളുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി.അറിയിച്ചു.