കോട്ടയം: ജി20 ഷെർപ്പ സമ്മേളനത്തിനായി അതിഥികൾ ഇന്നു മുതൽ കുമരകത്തേക്ക് എത്തിത്തുടങ്ങും. ഇന്നലെ മുതൽ കുമരകം സുരക്ഷാവലയത്തിലായി.
സമ്മേളന വേദിയായ കുമരകം കെടിഡിസി വാട്ടർ സ്കേപ്പിൽ ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അന്തിമഘട്ട ഒരുക്കങ്ങൾ വിലയിരുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1600 പോലീസുകാരെയാണ് സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ആറ് എസ്.പി.മാർ, 20 ഡി.വൈ എസ്.പിമാർ, 20 ഇൻസ്പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിലായിരിക്കും സുരക്ഷാക്രമീകരണങ്ങൾ. ഇന്നലെ ഉച്ച കഴിഞ്ഞു രണ്ടു മണി മുതൽ പോലീസുദ്യോഗസ്ഥരെ കുമരകത്ത് പലയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.
കെ.ടി.ടി.ഡി.സിയുടെ പ്രത്യേകം തയാറാക്കിയ കൺവെൻഷൻ സെന്ററിന്റെയും കലാപരിപാടികൾ നടക്കുന്ന വേദിയുടെയും അവസാനഘട്ടഅലങ്കാരപണികൾ പുരോഗമിക്കുകയാണ്. കുമരകത്തേക്കും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും എത്തുന്ന അഞ്ചു പാതകൾ പൊതു മരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നവീകരിച്ചിട്ടുണ്ട്. ഇതിൽ നാലു റോഡുകളുടെ റോഡ് സുരക്ഷാ നടപടികളടക്കം പൂർത്തിയാക്കി. ബദൽ പാതയായി കാണുന്ന കല്ലറ-വെച്ചൂർ റോഡ് ടാറിംഗ് ഇന്നലെ രാത്രിയോടെ പൂർത്തിയാക്കി. വഴിയോരങ്ങളിലെ മാലിന്യനീക്കവും പൂർത്തിയാക്കി.
കായൽ മാർഗം അതിഥികൾക്കെത്തുന്നതിനുള്ള ജലഗതാഗത ചാനലുകൾ മാർക്കിംഗ് പൂർത്തിയാക്കി. റിഫളക്ടറുകൾ സ്ഥാപിച്ചു. ഇന്ന് വീണ്ടും ട്രയൽ റൺ നടക്കും. വൈദ്യൂതി വിതരണം തടസപ്പെടാതിരിക്കാൻ കെ.എസ്.ഇ.ബി. ബദൽ സംവിധാനങ്ങളടക്കമുള്ളവ ഏർപ്പെടുത്തിയിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകളും പുരോഗമിക്കുന്നുണ്ട്. അതിഥികൾ താമസിക്കുന്ന റിസോർട്ടുകളിൽ ആംബുലൻസ് ഒഴികെയുള്ള ഒരു വാഹനങ്ങളുടേയും പാർക്കിംഗ് അനുവദിക്കില്ലെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് യോഗത്തിൽ അറിയിച്ചു.
ഉദ്യോഗസ്ഥരുടേയും പോലീസ് വാഹനങ്ങളും പാർക്കിംഗിനായി സജ്ജമാക്കിയ ഗ്രൗണ്ടുകളിൽ തന്നെ പാർക്ക് ചെയ്യണം. ജി20 ഷെർപ്പ സമ്മേളനങ്ങൾ മാർച്ച് 30 മുതൽ ഏപ്രിൽ രണ്ടുവരെയും വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങൾ ഏപ്രിൽ ആറുമുതൽ ഒൻപതുവരെയുമാണ് കുമരകത്ത് നടക്കുന്നത്.
കെ.ടി.ഡി.സി. മാനേജിംഗ് ഡയറക്ടർ വി. വിഘ്നേശ്വരി, സബ് കളക്ടർ സഫ്ന നസ്റുദീൻ, ജില്ലാ മെഡിക്കൽ ഓഫീസർ എൻ. പ്രിയ, പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ കെ. ജോസ് രാജൻ, വിവിധ വകുപ്പുദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.