കോട്ടയം: വീട്ടുവളപ്പിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഒരു കിലോ കഞ്ചാവ് കളത്തിപ്പടിയിൽ നിന്നും പിടിച്ചെടുത്തു. സ്കൂൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമായാണ് വിൽപ്പനയ്ക്കായി കഞ്ചാവ് എത്തിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കഞ്ചാവ് സൂക്ഷിച്ചിരുന്ന വീട്ടുടമ കളത്തിപ്പടി ഞാറയ്ക്കൽ കിഴക്കേഞാറയ്ക്കൽ റെജിമോനെ( കൊച്ചുമോൻ -45) തിരെ എക്സൈസ് സംഘം കേസെടുത്തു.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിൽക്കുന്നതായി എക്സൈസ് സംഘത്തിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിൽ പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് റെജിമോന്റെ വീട്ടിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്. ഇയാളെപ്പറ്റി അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. ഒളിവിൽ കഴിയുന്ന പ്രതിയ്ക്കായി അന്വേഷണം ആരംഭിച്ചു.