ജറുസലേം: ജനുവരി 19-ന് വെടിനിർത്തല്‍ നിലവില്‍വന്നശേഷം ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ഏറ്റവും രൂക്ഷമായ ആക്രമണമാണ് ചൊവ്വാഴ്ച പുലർച്ചെയുണ്ടായത്. യുഎസുമായി പൂർണമായി സഹകരിച്ചാണ് ആക്രമണമെന്ന് ഇസ്രയേല്‍ സർക്കാരിന്റെ വക്താവ് ഡേവിഡ് മെൻസെർ പറഞ്ഞു. ഇസ്രയേലിനു നല്‍കുന്ന പിന്തുണയ്ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നന്ദിപറഞ്ഞെന്നും അദ്ദേഹം അറിയിച്ചു.
ബന്ദികളുടെ മോചനം സാധ്യമാക്കാൻ ഇസ്രയേലിന്റെ പക്കല്‍ ആക്രമണമേ വഴിയുണ്ടായിരുന്നുള്ളൂവെന്ന് വിദേശകാര്യമന്ത്രി ഗിദയോൻ സാർ പറഞ്ഞു. കീഴടങ്ങാൻ തങ്ങള്‍ക്കുമേല്‍ സമ്മർദം ചെലുത്താനുള്ള ശ്രമമാണിതെന്ന് ഹമാസ് പ്രതികരിച്ചു. ഹമാസിന്റെ പ്രത്യാക്രമണമുണ്ടായാല്‍ നാട്ടുകാരെ പാർപ്പിക്കാൻ ഇസ്രയേല്‍ ടെല്‍ അവീവില്‍ അഭയകേന്ദ്രങ്ങളൊരുക്കി. വ്യോമാക്രമണത്തില്‍ ഹമാസിന്റെ രാഷ്ട്രീയകാര്യ ഓഫീസിലെ ഉന്നതൻ മുഹമ്മദ് അല്‍ ജമാസിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. ഗാസയിലെ മറ്റൊരു സായുധസംഘമായ ഇസ്ലാമിക് ജിഹാദിന്റെ വക്താവ് നജി അബു സൈഫും ഭാര്യയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
15 മാസത്തിലേറെയായി നടന്ന യുദ്ധത്തില്‍ ആശുപത്രിസംവിധാനങ്ങള്‍ ഭൂരിഭാഗവും തകർന്നതിനാല്‍ പരിക്കേറ്റവരെ ചികിത്സിക്കാൻ പ്രയാസം നേരിടുന്നുണ്ടെന്ന് ജീവകാരുണ്യസംഘടനയായ റെഡ് ക്രോസ് പറഞ്ഞു. ഹമാസിന്റെ പക്കല്‍ ജീവനോടെ ശേഷിക്കുന്ന ഇസ്രയേലി ബന്ദികളെ അപകടത്തിലാക്കുന്ന നടപടിയാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റേതെന്ന് അവരുടെ കുടുംബങ്ങള്‍ കുറ്റപ്പെടുത്തി. ആക്രമണം നിർത്താനും അഭ്യർഥിച്ചു.
യുഎസിന്റെ നേതൃത്വത്തില്‍ ഈജിപ്തും ഖത്തറും ഇസ്രയേലും ഹമാസുമായി മാസങ്ങളോളം ചർച്ച നടത്തിയാണ് വെടിനിർത്തലിന് ധാരണയായത്. മൂന്നുഘട്ടമായി നടപ്പാക്കാൻ തീരുമാനിച്ച വെടിനിർത്തലിന്റെ ആദ്യഘട്ടത്തില്‍ 38 ബന്ദികളെ ഹമാസ് മോചിപ്പിച്ചു. പകരമായി രണ്ടായിരത്തോളം പലസ്തീൻ തടവുകാരെ ഇസ്രയേല്‍ വിട്ടുകൊടുത്തു. എന്നാല്‍, ഒന്നാംഘട്ടത്തിനിടെ, രണ്ടാംഘട്ടവെടിനിർത്തലിന്റെ വ്യവസ്ഥകള്‍ ചർച്ചചെയ്തുറപ്പിക്കണമെന്നായിരുന്നു ധാരണയെങ്കിലും അതുണ്ടായില്ല.
ഈ ഘട്ടത്തില്‍ ഗാസയില്‍നിന്ന് ഇസ്രയേല്‍ സൈന്യത്തെ പൂർണമായി പിൻവലിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, ഇതിന് തയ്യാറാകാത്ത ഇസ്രയേല്‍ 42 ദിവസത്തെ ഒന്നാംഘട്ട വെടിനിർത്തല്‍ തുടരണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ, മുൻധാരണപ്രകാരം ശാശ്വതവെടിനിർത്തലിനുള്ള ചർച്ചവേണമെന്ന് ഹമാസും നിലപാടെടുത്തു. ഇതേത്തുടർന്നാണ് ബന്ദിമോചനം ആവശ്യപ്പെട്ട് ഇസ്രയേല്‍ ഗാസയില്‍ വീണ്ടും ആക്രമണം ആരംഭിച്ചത്. 59 ബന്ദികള്‍ ഇപ്പോഴും ഹമാസിന്റെ പക്കലുണ്ടെന്നാണ് കരുതുന്നത്.
15 മാസത്തിലേറെ നീണ്ട ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ 48,000-ത്തിലേറെ ഗാസക്കാർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ഗാസയിലെ പാർപ്പിടങ്ങളും എല്ലാവിധ അടിസ്ഥാനസൗകര്യങ്ങളും താറുമാറായി.