ഗാസയുടെ വടക്കുഭാഗത്ത് വീണ്ടും ആക്രമണം ശക്തമാക്കുന്നു; കരയുദ്ധത്തിനൊരുങ്ങി ഇസ്രയേല്‍

കെയ്റോ: ഗാസയുടെ വടക്കുഭാഗത്ത് വീണ്ടും ആക്രമണം ശക്തമാക്കുന്ന ഇസ്രയേല്‍, കിഴക്കൻ ജബലിയയില്‍ ശനിയാഴ്ച രാത്രിമുഴുവൻ വ്യോമാക്രമണവും സ്ഫോടനവും നടത്തി. ഞായറാഴ്ച പുലർച്ചയോടെ കരയുദ്ധത്തിനൊരുങ്ങി ഇസ്രയേല്‍ ടാങ്കുകള്‍ ഇവിടേക്കെത്തി. ശനിയാഴ്ചത്തെ ആക്രമണത്തില്‍ 19 പേരാണ് കൊല്ലപ്പെട്ടത്. ഗാസയിലെ ആകെ മരണങ്ങള്‍ 35,034 ആയി ഉയർന്നു.

Advertisements

ഗാസാസിറ്റിയുടെ കിഴക്കുള്ള അല്‍ സെയ്ത്തൂണിലും അല്‍ സാബ്രയിലുമാണ് ഇസ്രയേല്‍ ടാങ്കുകള്‍ വിന്യസിച്ചത്. ഗാസയിലെ ചരിത്രപരമായ എട്ട് അഭയാർഥിക്യാമ്ബുകളില്‍ ഏറ്റവുംവലുതാണ് ജബലിയയിലേത്. 1948-ലെ അറബ്-ഇസ്രയേല്‍ യുദ്ധത്തില്‍ അഭയാർഥികളായ പലസ്തീൻകാരുടെ പിൻതലമുറക്കാരായ ഒരു ലക്ഷത്തിലേറെപ്പേരാണ് ഇവിടെ പാർക്കുന്നത്. വടക്കൻ ഗാസയില്‍ യുദ്ധം ശക്തമായിരുന്ന കാലത്ത് ഒട്ടേറെപ്പേർ ഇവിടം വിട്ടുപോയിരുന്നു. യുദ്ധം ഏതാണ്ട് അവസാനിച്ചുവെന്ന ഇസ്രയേലിന്റെ പ്രഖ്യാപനത്തെത്തുടർന്ന് പലരും തിരിച്ചെത്തിയപ്പോഴാണ് വീണ്ടും ആക്രമണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജബലിയയില്‍ തിരിച്ചുവരുന്ന ഹമാസിനെ നേരിടുന്നതിനാണ് സൈനികനടപടിയെന്ന് ഇസ്രയേല്‍സൈന്യം അവകാശപ്പെട്ടു. ശിഥിലമായ സൈനികശേഷി അവർ വീണ്ടെടുക്കുന്നത് തടയുകയുമാണ് ലക്ഷ്യമെന്നും പറഞ്ഞു. കഴിഞ്ഞയാഴ്ചകളിലായി ജബലിയയില്‍ ഗാസാസിറ്റിയിലെ സയ്ത്തൂണ്‍ ജില്ലയില്‍ 30 ഹമാസുകാരെ വധിച്ചെന്ന് സേനാവക്താവ് റിയർ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു.

ജബലിയയില്‍ ആക്രമണം തുടങ്ങിയത് ഇവിടെനിന്ന് വീണ്ടും പലായനം ചെയ്യാൻ നിർബന്ധിതരാക്കിയിരിക്കുകയാണെന്ന് നാട്ടുകാരിലൊരാള്‍ പറഞ്ഞു. അതിനിടെ, മധ്യഗാസയിലെ നഗരമായ ഡെയ്ർ അല്‍ ബലായ്ക്കുചുറ്റും ഇസ്രയേല്‍സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. എന്നാല്‍, അധിനിവേശം ആരംഭിച്ചിട്ടില്ലെന്നാണ് വിവരം. ചില ടാങ്കുകളും ബുള്‍ഡോസറുകളും നഗരവേലി തകർത്ത് അകത്തുകയറിയെന്നും അവരുമായി ഏറ്റുമുട്ടിയെന്നും വെടിവെപ്പുണ്ടായെന്നും ഹമാസിന്റെ മാധ്യമങ്ങള്‍ പറഞ്ഞു. ശനിയാഴ്ച രാത്രി ഡെയ്ർ അല്‍ ബലായിലുണ്ടായ ആക്രമണത്തില്‍ ഡോക്ടർമാരായ അച്ഛനും മകനും കൊല്ലപ്പെട്ടു.

റാഫയുള്‍പ്പെടെ ഇസ്രയേല്‍സൈന്യം പ്രവേശിച്ച നഗരങ്ങളിലെല്ലാം തങ്ങളുടെ സായുധ വിഭാഗം കനത്ത പോരാട്ടത്തിലാണെന്ന് ഹമാസും ഇസ്ലാമിക് ജിഹാദും അറിയിച്ചു. ടാങ്ക്വേധ റോക്കറ്റുകളും പീരങ്കികളും ഉപയോഗിച്ച്‌ പലയിടത്തും ഇസ്രയേല്‍സൈന്യത്തെ നേരിട്ടെന്നും അവർ പറഞ്ഞു.

Hot Topics

Related Articles