കോട്ടയം: സിപിഐ ജില്ലാ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പി പി ജോർജ്ജ്, കുമരകം ശങ്കുണ്ണി മേനോൻ ദിനാചരണം സംഘടിപ്പിച്ചു. കോട്ടയം ബാങ്ക് എംപ്ലോയീസ് ഹാളിൽ ചേർന്ന അനുസ്മരണ സമ്മേളനവും ‘കടന്നാക്രമിക്കപ്പെടുന്ന പാർലമെന്ററി വ്യവസ്ഥ, രാഷ്ട്രീയ ചട്ടുകമാവുന്ന ഗവർണർമാർ’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിസ്റ്റ് പാർട്ടിയെ നയിച്ച, അതിന്റെ വളർച്ചയ്ക്കായി ഏറെ കഷ്ടപ്പെട്ട നേതാക്കന്മാരായിരുന്നു പി പി ജോർജ്ജും കുമരകം ശങ്കുണ്ണി മേനോനും അടക്കമുള്ളവരെന്ന് അദ്ദേഹം അനുസ്മരിച്ചു. അവർ തെളിച്ച വഴിയിലൂടെ അവർ കൈമാറിയ ചെങ്കൊടി ഉയർത്തിപ്പിടിക്കാൻ കഴിയണം. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇല്ലാതാക്കാൻ നോക്കിയവർ രാജ്യത്ത് മുമ്പും ഉണ്ടായിരുന്നു. ആയിരം മോഡിമാരുടെ ശക്തിയെ മറികടന്ന് രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി വളരുക തന്നെ ചെയ്തു. പിന്നെയാണോ മോഡിയെന്ന് അദ്ദേഹം ചോദിച്ചു.
സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു മോഡറേറ്ററായിരുന്നു. മുൻ എം പി അഡ്വ. കെ സുരേഷ് കുറുപ്പ് യോഗത്തിൽ സംസാരിച്ചു. സമൂഹത്തിലെ എല്ലാ മേഖലയിലും പ്രാവീണ്യം തെളിയിച്ച ആൾ ആയിരുന്നു കുമരകം ശങ്കുണ്ണി മേനോൻ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചിരിക്കുന്ന മുഖം കൂടി ആയിരുന്നു അദ്ദേഹമെന്നും സുരേഷ് കുറുപ്പ് ചൂണ്ടിക്കാട്ടി. പാർട്ടിയുടെ ലാളിത്യം നിറഞ്ഞ മുഖം ആയിരുന്നു പി പി ജോർജിന്റേത്. ഏത് രാഷ്ട്രീയ എതിരാളികളുടെ വീട്ടിലും കടന്ന് ചെല്ലാൻ കഴിയുന്ന ആർജവം പി പി ജോർജിന് ഉണ്ടായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. ബിജെപിയെ നിയന്ത്രിക്കുന്ന ആർ എസ് എസിന് ഇൻഡ്യൻ ജനാധിപത്യത്തിലോ ഭരണഘടനയിലോ വിശ്വാസം ഇല്ല. ഇൻഡ്യയ്ക്ക് ചേർന്ന ഭരണഘടന അല്ല എന്ന് എല്ലാ കാലത്തും വാദിച്ചവർ, അത്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാറ്റി എഴുതാൻ ശ്രമിക്കുന്നു. അതിനെ തകർത്ത് മതാധിഷ്ഠിത രാജ്യം ഉണ്ടാക്കാൻ ശ്രമിക്കുന്നു. പാർലമെന്റ് കൂടാനോ അടിയന്തിര പ്രമേയം ചർച്ച ചെയ്യാനോ കേന്ദ്രം തയ്യാറാവുന്നില്ല. മിനിമം പാർലമെന്ററി മര്യാദ പാലിക്കാൻ പോലും കേന്ദ്രം തയ്യാറാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് സംസ്ഥാന ഭരണത്തെ സ്തംഭിപ്പിക്കാൻ ആണ് കേന്ദ്ര ശ്രമം. വംശീയ ജനാധിപത്യം നടപ്പിൽ ആക്കുകയാണ് ബിജെപി നീക്കം. പൗരാവകാശം ഭൂരിപക്ഷ മതത്തിനും, മറ്റുള്ളവർ രണ്ടാം കിട പൗരന്മാർ എന്ന അവസ്ഥ രാജ്യത്ത് ഇക്കൂട്ടർ സൃഷ്ടിക്കും. ഒരു ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി മത ചിഹ്നങ്ങൾ ഉപയോഗിച്ച് പൂജ ചെയ്യുന്ന കാഴ്ച രാജ്യം കണ്ടു കഴിഞ്ഞു. ജനങ്ങളുടെ ഐക്യത്തിന് മുന്നിൽ രാമക്ഷേത്രം ഉണ്ടാക്കിയ ഓളം പൊളിഞ്ഞു പോകും എന്നത് ഉറപ്പ്. എല്ലാ മതനിരപേക്ഷ ശക്തികളും അതിനായി ഒന്നിച്ചു നിൽക്കണമെന്നും സുരേഷ് കുറുപ്പ് ചൂണ്ടിക്കാട്ടി. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ സുശീലൻ, ഒപിഎ സലാം, അഡ്വ വി കെ സന്തോഷ് കുമാർ, പി കെ കൃഷ്ണൻ, ലീനമ്മ ഉദയകുമാർ, അഡ്വ. ശുഭേഷ് സുധാകരൻ, സി കെ ആശ എം എൽ എ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ ജോണ് വി ജോസഫ്, മോഹൻ ചേന്നംകുളം, മണ്ഡലം സെക്രട്ടറി ടി സി ബിനോയി എന്നിവർ സംസാരിച്ചു. പി പി ജോർജ്, കുമരകം ശങ്കുണ്ണി മേനോൻ എന്നിവരുടെ കുടുംബാംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.