കോട്ടയം: പാലാ കെ.എം മാണി മെമ്മോറിയല്‍ ജനറല്‍ ഹോസ്പിറ്റലില്‍ ആര്‍.ജി.സി.ബിയുടെ പദ്ധതിയില്‍ റേഡിയോ ഡയഗ്നോസ്റ്റിക് ഉപകരണങ്ങളായ സി.റ്റി സ്‌കാനര്‍ കം സിമുലേറ്റര്‍, അള്‍ട്രാസൗണ്ട് സ്‌കാനര്‍ ഉള്‍പ്പടെ 12 കോടി രൂപയുടെ അത്യാധുനിക ഉപകരങ്ങള്‍ സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭ്യമായതായി ജോസ് കെ.മാണി എം.പി അറിയിച്ചു.
ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജുമായും, ആര്‍.ജി.സി.ബി ഡയറക്ടറുമായും നിരന്തര ചര്‍ച്ചകള്‍ നടത്തിയിരുന്നതായി ജോസ് കെ.മാണി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് പാലാ ജനറല്‍ ഹോസ്പിറ്റലില്‍ സ്ഥാപിച്ചിരിക്കുന്ന സ്‌പെഷ്യാലിറ്റി ലാബോറട്ടറിയുടെ രണ്ടാം ഘട്ടമെന്ന നിലയിലാണ് നൂതന സാങ്കേതിക വിദ്യയോട് കൂടിയുള്ള ഡയഗ്നോസ്റ്റിക്‌സ് ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത്. സംസ്ഥാനത്തെ ജനറല്‍ ഹോസ്പിറ്റലുകളില്‍ ആദ്യമായാണ് സി.റ്റി സ്‌കാനര്‍ കം സിമുലേറ്റര്‍ ഉള്‍പ്പടെയുള്ള സംവിധാനം പാലായില്‍ ഒരുങ്ങുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രോഗനിര്‍ണ്ണയത്തില്‍ ഏറെ പ്രധാനപ്പെട്ട ഡയഗ്നോസ്റ്റിക് പരിധോനകള്‍ ഏറ്റവും ആധുനിക നിലവാരത്തില്‍ സാധാരണ ജനങ്ങള്‍ക്ക് പാലായിലെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി നിലവില്‍ നല്‍കിവരുന്നുണ്ട്. കാന്‍സര്‍ മാര്‍ക്കറുകള്‍, മോളിക്യൂലാര്‍ വൈറോളജി പരിശോധനകള്‍ ഉള്‍പ്പടെയുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി പരിശോധനകളാണ് ഇവിടെ ചെയ്യുന്നത്.വിദഗദ്ധ പഠനങ്ങള്‍ അനുസരിച്ച് ഓരോ വര്‍ഷവും കേരളത്തില്‍ 60,000 ത്തോളം പുതിയ കാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
രോഗ നിര്‍ണയം ആദ്യ ഘട്ടത്തില്‍ നടത്തിയാല്‍ വിവിധയിനം കാന്‍സറുകള്‍ ചികിത്സിച്ചു ഭേദമാക്കുവാന്‍ സാധിക്കും. പാലായില്‍ ഡയഗ്നോസ്റ്റിക്‌സ് സൗകര്യം ലഭ്യമാകുന്നതോടെ കോട്ടയം ജില്ല ഉള്‍പ്പടെയുള്ള മലയോരപ്രദേശങ്ങളിലെ ക്യാന്‍സര്‍ രോഗികള്‍ക്കും മറ്റ് രോഗികള്‍ക്കും വളരെ കുറഞ്ഞ നിരക്കില്‍ ചികിത്സ ലഭ്യമാകുന്നതാണ്.