ന്യൂസ് ഡെസ്ക് : ലോകത്ത് പന്നിയുടെ ഹൃദയം സ്വീകരിച്ച രണ്ടാമത്തെയാള്‍ അന്തരിച്ചു. സംഭവം തിങ്കളാഴ്ചയായിരുന്നു. ലോറൻസ് ഫോസെറ്റ് (58) ആണ് മരണത്തിന് കീഴടങ്ങിയതെന്ന് മെറിലാൻഡ് സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് മെഡിസിൻ അറിയിച്ചു.സെപ്റ്റംബര്‍ 20-നായിരുന്നു ഗുരുതര ഹൃദ്രോഗബാധിതനായിരുന്ന ലോറൻസിന്റെ ഹൃദയമാറ്റ ശസ്ത്രക്രിയ. ആറാഴ്ചയ്ക്ക് ശേഷമാണ് മരണം സംഭവിക്കുന്നത്.
ഹൃദയം മാറ്റിവച്ചശേഷം ലോറൻസിന്റെ ആരോഗ്യനില മെച്ചപ്പെട്ടിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഫിസിക്കല്‍ തെറാപ്പി ചെയ്യുകയും കുടുംബത്തോടൊപ്പം സമയം ചെലവിടുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത്. പുതിയ ഹൃദയത്തെ ശരീരം തിരസ്കരിക്കുന്നതിന്റെ ലക്ഷണങ്ങളാണ് അദ്ദേഹത്തിലുണ്ടായത്. മനുഷ്യഹൃദയം മാറ്റിവയ്ക്കുമ്ബോഴും ഇതേ വെല്ലുവിളി ഉണ്ടാകാറുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘തന്റെ ഹൃദയം മാറ്റിവച്ചതില്‍ നിന്ന് ഞങ്ങള്‍ പഠിച്ച കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കായി പരമാവധി ഉപയോഗപ്പെടുത്തണമെന്നായിരുന്നു ലോറൻസിന്റെ അവസാനത്തെ ആഗ്രഹം. അങ്ങനെ ചെയ്താല്‍ മനുഷ്യരില്‍ നിന്ന് ഹൃദയം ലഭിക്കാത്ത സാഹചര്യങ്ങളിലും രോഗികള്‍ക്ക് പുതിയ ഹൃദയം ഉറപ്പാക്കാൻ കഴിയുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. തന്നെ പരിചരിച്ച ഡോക്ടര്‍മാരെയും നഴ്സുമാരെയും താൻ ഏറെ സ്നേഹിക്കുന്നുവെന്നും ലോറൻസ് പറഞ്ഞു. ഞങ്ങള്‍ അദ്ദേഹത്തെ എന്നും ഓര്‍ക്കും.’ -ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ പറഞ്ഞു.