കോട്ടയം: കോടിമത എംജി റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ കടന്നു പോകുന്ന തോട്ടിൽ അടക്കം കക്കൂസ് മാലിന്യം തള്ളി. കോട്ടയം നഗരസഭയുടെ മാർക്കറ്റ് സോണിൽ വരുന്ന പ്രദേശത്താണ് ഇന്നലെ രാത്രി KL32D 0715 നമ്പരിലുള്ള വാഹനത്തിൽ എത്തി കക്കൂസ് മാലിന്യം തള്ളിയത്. എന്നാൽ, ഈ സമയം വരെയും കോട്ടയം നഗരസഭ ഉദ്യോഗസ്ഥർ ഈ വിഷയത്തിൽ ഇടപെടാനോ നടപടിയെടുക്കാനോ തയ്യാറായിട്ടില്ല. കോട്ടയം പത്തനംതിട്ട ഇടുക്കി ആലപ്പുഴ ജില്ലകളിൽ സെപ്ടിക് ടാങ്ക് ക്ലീനേഴ്സ് അസോസിയേഷന്റെ സമരം നടക്കുന്നതിനാണ് ഈ ലോറി ഉടമയുടെ കീഴിലുള്ള ടാങ്കർ ലോറികൾ മാത്രമാണ് സർവീസ് നടത്തുന്നത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് കോട്ടയം എംജി റോഡിൽ ടാങ്കർ ലോറിയിൽ എത്തിയ സംഘം സെപ്ടിക് ടാങ്ക് മാലിന്യം തള്ളിയത്. മുൻപും പല തവണ പ്രദേശത്ത് സമാന രീതിയിൽ സെപ്ടിക് ടാങ്ക് മാലിന്യം തള്ളിയതിനാൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇത്തരത്തിൽ മാലിന്യം തള്ളുന്ന സാമൂഹിക വിരുദ്ധ ശക്തികളെ പിടികൂടാൻ നഗരസഭ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. നഗരസഭ അധികൃതർ ഈ വിഷയത്തിൽ നിസംഗ ഭാവം തുടരുകയും രാത്രിയിൽ പരിശോധന നടത്താതിരിക്കുകയും ചെയ്തതോടെയാണ് നാട്ടുകാർ തന്നെ സംഘടിച്ച് രംഗത്ത് എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോടിമത എം.ജി റോഡിൽ ഈ ലോറി ആദ്യം എത്തിയപ്പോൾ തന്നെ നാട്ടുകാർ സംഘടിച്ച് എത്തി. ഈ സമയം ലോറി നിർത്താതെ ഓടിച്ചു പോയി. തുടർന്ന് പുലർച്ചെ കെ.എസ്.ഇ.ബി ഓഫിസിനു സമീപം എത്തി ടാങ്കർ ലോറി മാലിന്യം തള്ളുകയായിരുന്നു. ഈ ലോറിയുടെ പിന്നാലെ ഓടിയെത്തിയ നാട്ടുകാരാണ് ലോറിയുടെ നമ്പർ കണ്ടത്. തുടർന്ന് ഇവർ ഫോട്ടോ എടുക്കാൻ ശ്രമിച്ചെങ്കിലും ലോറി അതിവേഗം ഓടിച്ചു പോയി.
കോട്ടയം നഗരസഭയുടെ മാർക്കറ്റ് സോണിലെ ഉദ്യോഗസ്ഥർ രാത്രിയിൽ പരിശോധനയുടെ കാര്യത്തിൽ തികഞ്ഞ അലംഭാവമാണ് കാട്ടുന്നതെന്നാണ് നാട്ടുകാരുടെ പരാതി. മാർക്കറ്റ് സോണിലെ ഹെൽത്ത് ഇൻസ്പെക്ടർ അടക്കമുള്ളവർ പ്രധാന റോഡിൽ മാത്രമാണ് വാഹനങ്ങൾ പരിശോധിക്കുന്നത്. മാലിന്യം തള്ളാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഇവർ പരിശോധന നടത്തുന്നില്ലെന്നും ഈ സ്ഥലങ്ങൾ ഒഴിവാക്കുന്നത് മാലിന്യം മാഫിയയുടെ പണം കൈപ്പറ്റിയാണ് എന്നും ആരോപണം ഉണ്ട്. ഇവർക്ക് പണം നൽകാത്ത വാഹനങ്ങൾ ഇവർ പിടിച്ചെടുക്കുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.