അറുനൂറ്റിമംഗലം: കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപത്തെ റബർ തോട്ടത്തിൽ നിന്ന് കണ്ടെത്തി. അറുന്നൂറ്റിമംഗലം ചിരട്ടപ്പറമ്പ് രാജീവിൻ്റെ ഭാര്യാമാതാവിൻ്റെ സഹോദരി കുഞ്ഞമ്മ (69) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃദദേഹത്തിന് നാല് ദിവസത്തിലധികം പഴക്കമുണ്ട്. തോട്ടത്തിൽ പുല്ല് ശേഖരിക്കാനെത്തിയ കുട്ടികളാണ് മൃതദേഹം കണ്ടെത്തിയത്. വൈക്കം സ്വദേശിനിയായ കുഞ്ഞമ്മ ഭർത്താവ് മരിച്ചതിനാൽ ഒരു വർഷത്തിലധികമായി അറുനൂറ്റിമംഗലം എഫ്.എച്ച്.സി.ക്ക് സമീപമുള്ള രാജീവിന്റെ വീട്ടിലായിരുന്നു താമസം. കഴിഞ്ഞ മാസം 24-ന് ഉച്ചയോടെ ഇവരെ കാണാതാകുകയായിരുന്നു. വീട്ടുകാർ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടന്നുവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.