കോട്ടയം : യുവാക്കളോടൊപ്പം സ്വന്തം ജൻമദിനത്തിൽ ആഘോഷ രാവ് സംഘടിപ്പിക്കാൻ വാറ്റുചാരായം ഉണ്ടാക്കിയ വിജയപുരം മരങ്ങാട്ടിൽ ജോസഫ് പത്രോസ് (62 ), അയൽവാസിയായ കൊച്ചു പറമ്പിൽ വീട്ടിൽ മനു മനോജ് (29) എന്നിവരെയാണ് കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ.ആർ ബിനോദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും ഒരു ലിറ്റർ ചാരായവും , നാൽപത് ലിറ്റർ വാഷും, മൂന്ന് ലിറ്റർ സ്പെന്റ് വാഷും പിടിച്ചെടുത്തു. വീടിന്റെ അടുക്കളയിൽ കുക്കറിൽ പ്രത്യേകം സജ്ജീകരിച്ച രീതിയിൽ ചാരായം നിർമ്മിച്ച് കുപ്പിയിൽ ചൂടോടെ ശേഖരിക്കു ബോഴാണ് ഇവർ പിടിയിലായത് . ചെറുപ്പക്കാരോടൊപ്പം ചങ്ങാത്തത്തിലായ മധ്യവയസ്കനായ പ്രതിയുടെ വീട്ടിൽ മറ്റ് ലഹരി ഉപയോഗവും , പാതിരാത്രിയിൽ അയൽക്കാർക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ നൃത്തവും പാട്ടും പതിവായിരുന്നു.
നാട്ടുകാർ നൽകിയ പരാതിയെത്തുടർന്ന് എക്സൈസ് നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത് . ഇവർ ചാരായം വാറ്റി കുപ്പികളിലാക്കി വിൽപനയും നടത്തിയിരുന്നു. ഈ സംഘത്തിൽ ഇനിയും കൂടുതൽ ആളുകൾ ഉള്ള തായി കരുതുന്നു ഇവർക്കായി വല വിരിച്ചതായി എക്സൈസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. റെയ്ഡിൽ വിനോദ് പ്രിവന്റീവ് ഓഫീസർമാരായ ബൈജു മോൻ കെ.സി , വിനോദ് കെ.എൻ , രാജേഷ് എസ് ,നിഫി ജേക്കബ്, അരുൺ പി. നായർ , സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് രാജ് കെ.ആർ, പ്രശോഭ് കെ.വി, ശ്യാം ശശിധരൻ വനിത സിവിൽ എക്സൈസ് ഓഫീസർ ധന്യ മോൾ എം.പി എക്സൈസ് ഡ്രൈവർ അനിൽ കെ. എന്നിവർ പങ്കെടുത്തു.