കോട്ടയം: സ്വർണ വ്യാപാര സ്ഥാപനത്തിലെ ത്രാസിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കേസെടുത്ത് ലീഗൽ മെട്രോളജി വിഭാഗം. പാലാ കൊട്ടാരമറ്റത്തുള്ള പഴയ സ്വർണവിൽപന സ്ഥാപനമായ എ എം ഗോൾഡിന് എതിരേയാണ് ലീഗൽ മെട്രോളജി വിഭാഗം കേസെടുത്തത്. എ എം ഗോൾഡിലെ ത്രാസിൽ 180 മില്ലി ഗ്രാമിന്റെ തൂക്കവ്യത്യാസമാണ് ലീഗൽ മെട്രോളജി വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ലീഗൽ മെട്രോളജി ദക്ഷിണ മേഖലാ ജോ. കൺട്രോളർ സി.ഷാമോന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സ്ഥാപനത്തിലെ ക്ലാസ്-2 വിഭാഗത്തിൽപെട്ട ത്രാസിൽ 20 മി ല്ലിഗ്രാം വരെ തൂക്കവ്യത്യാസം അനുവദനീയമായ സ്ഥാനത്ത് 180 മില്ലിഗ്രാമിന്റെ വ്യത്യാസമാണു കണ്ടെത്തിയത്. പാലായിലെ മറ്റ് പഴയ സ്വർണ്ണ വില്പന കേന്ദ്രങ്ങളിൽ പരിശോധന നടത്തിയെങ്കിലും ക്രമക്കേടുകളൊന്നും കണ്ടെത്താനായില്ലന്ന് ലീഗൽ മെട്രോളജി വിഭാഗം അറിയിച്ചു.