കോട്ടയം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ഗുരുതരമായ ആരോപണങ്ങൾ പുറത്ത് വന്നതിനു പിന്നാലെ, ആദ്യമായി പൊതുപരിപാടിയിൽ പങ്കെടുക്കാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയെത്തുന്നതിനാൽ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വൻ സുരക്ഷാ സന്നാഹമാണ് കോട്ടത്ത് ഒരുക്കിയിരിക്കുനനത്. മുഖ്യമന്ത്രി താമസിക്കുന്ന നാട്ടകം ഗസ്റ്റ് ഹൗസ് മുതൽ കെ.ജി.ഒ.എ സംസ്ഥാന സമ്മേളനം നടക്കുന്ന മാമ്മൻമാപ്പിള ഹാൾ വരെ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്.
കേരള ഗസ്റ്റഡ് ഓഫിസേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനമാണ് കഴിഞ്ഞ ദിവസം കോട്ടയത്ത് ആരംഭിച്ചത്. ഈ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോട്ടയത്ത് എത്തുന്നത്. സ്വർണ്ണക്കടത്ത് കേസിലെ പുതിയ വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് പിണറായി ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. ഇത് ഒരു ഇടത് ആഭിമുഖ്യമുള്ള സംഘടനയാണ് താനും. അതുകൊണ്ടു തന്നെ വിവാദങ്ങളിൽ തന്റെ സ്വതസിദ്ധമായ അതിരൂക്ഷമായ പ്രതികരണം തന്നെ പിണറായി വിജയന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാവിലെ 11 ന് കെ.സി മാമ്മൻമാപ്പിള ഹാളിലാണ് സമ്മേളനം നടക്കുക. സമ്മേളനത്തിന്റെ ഭാഗമായി വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത്തരത്തിൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കോട്ടയത്ത് നാട്ടകം ഗസ്റ്റ് ഹൗസ് മുതൽ കെ.സി മാമ്മൻമാപ്പിള ഹാൾ വരെയുള്ള വഴിയിൽ പൊലീസിനെ വിന്യസിച്ച് കഴിഞ്ഞു. വെള്ളിയാഴ്ച രാത്രി മുതൽ തന്നെ ഈ സ്ഥലങ്ങളിലെല്ലാം കനത്ത പൊലീസ് സാന്നിധ്യമുണ്ട്. യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും ബി.ജെ.പി അനുകൂല സംഘടനകളുടെയും നേതൃത്വത്തിൽ മുഖ്യമന്ത്രിയ്ക്കെതിരെ പ്രതിഷേധമുണ്ടാകുമെന്നു ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കനത്ത സുരക്ഷ ഒരുക്കുന്നത്.
വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണം എന്താകും എന്നറിയാനുള്ള ആകാംഷ തന്നെയാണ് കോട്ടയത്തുള്ളത്. പിണറായി വിജയന്റെ പ്രതികരണത്തിനു മുന്നോടിയായി ഇന്നലെ ഇ.പി ജയരാജൻ കടുത്ത ഭാഷയിൽ തന്നെ വിവാദങ്ങളോട് പ്രതികരിച്ചിരുന്നു. അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളത്തിലാണ് ജയരാജന്റെ പ്രതികരണം ഉണ്ടായത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി എത്തുമ്പോൾ, ഇദ്ദേഹം നടത്തുന്ന പ്രതികരണത്തിന് കാതോർത്തിരിക്കുകയാണ് കേരളം.