കോട്ടയം: ഇത് സർക്കാർ ആശുപത്രിയാണോ, അതോ മൃഗാശുപത്രിയാണോ…? കുറിച്ചിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തുന്ന ആരും ചോദിച്ചു പോകുന്ന ചോദ്യമാണ് ഇത്. ഇവിടെ സൈ്വര്യ വിഹാരം നടത്തുന്ന തെരുവുനായ്ക്കളെ കാണുമ്പോഴാണ് ആരും ഈ ചോദ്യം ഉയർത്തുന്നത്. അതീവ ശുചിത്വത്തിൽ സൂക്ഷിക്കേണ്ട ഡ്രസിംങ് റൂം ടേബിളിന്റെ അടിയിൽ പോലും തെരുവുനായ്ക്കൾ കിടന്നുറങ്ങുകയാണ്. ഇവിടെ എത്തുന്ന കുട്ടികളും , സ്ത്രീകളും അടക്കമുള്ള രോഗികൾ അക്ഷരാർത്ഥത്തിൽ ഭയന്നു വിറച്ചാണ് കഴിയുന്നത്.
കുറിച്ചിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പത്തിലേറെ തെരുവുനായ്ക്കളാണ് സൈ്വര്യ വിഹാരം നടത്തുന്നത്. ഇത്തരത്തിൽ നടക്കുന്ന നായ്ക്കൾ പലപ്പോഴും, ഒപിയിലും ആശുപത്രിയുടെ വിവിധ ഭാഗങ്ങളിലും കറങ്ങി നടക്കുകയാണ് ചെയ്യുന്നത്. ഇത് സാധാരണക്കാരായ ആളുകൾക്ക് ഭീതി ഉയർത്തുകയാണ്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുമായാണ് പലരും ആശുപത്രിയിൽ എത്തുന്നത്. ഇത്തരത്തിൽ എത്തുന്ന രോഗികളുടെ ജീവനും ആരോഗ്യത്തിനും പലപ്പോഴും ഈ നായ്ക്കൾ ഭീഷണി ആകുകയാണ് ചെയ്യുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവിടെ എത്തുന്ന രോഗികൾ ഭയന്നു വിറച്ച് കഴിഞ്ഞിട്ട് പോലും തെരുവുനായ ശല്യം നിയന്ത്രിക്കാൻ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ല. ആശുപത്രിയ്ക്കുള്ളിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന തെരുവുനായ്ക്കൾ പലപ്പോഴും ഭക്ഷണത്തിന്റെ പേരിൽ കടിപിടി കൂടുന്നതും പതിവ് കാഴ്ചയാണ്. എന്നാൽ, ഇവിടെ നായ്ക്കളെ നിയന്ത്രിക്കാൻ മതിയായ സൗകര്യം ഒരുക്കാത്തത് ആളുകൾക്ക് ഭീഷണിയായി മാറിയിട്ടുണ്ട്.