സംസ്ഥാന സർക്കാരുമായി പോരിനുറച്ച് വിവാദ ബില്ലുകളിൽ ഒപ്പിടില്ല എന്ന് നിലപാട് വ്യക്തമാക്കിയാണ് ഗവർണർ ദില്ലിയിലേക്ക് പോകുന്നത്. അതിനിടെ നിയമസഭ പാസാക്കിയ 5 ബില്ലുകളിൽ ഗവർണർ ഒപ്പിട്ടു. വകുപ്പ് സെക്രട്ടറിമാർ വിശദീകരണം നൽകിയ ബില്ലുകളിലാണ് ഗവർണർ ഒപ്പിട്ടത്.
ലോകായുക്ത നിയമഭേദഗതി ബില്‍, സര്‍വ്വകലാശാല നിയമ ഭേഗതി ബില്‍ എന്നിവയില്‍ ഒപ്പിടില്ലെന്നും മറ്റ് ബില്ലുകളിൽ ഒപ്പിടണമെങ്കിൽ മന്ത്രിമാരോ വകുപ്പ് സെക്രട്ടറിയോ നേരിട്ട് രാജ്ഭവനിൽ എത്തണമെന്നുമുള്ള വ്യവസ്ഥ ഗവർണർ വെച്ചിരുന്നു . രാജ്ഭവനില്‍ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയ ചീഫ് സെക്രട്ടറിയോടാണ് ഗവർണർ തന്‍റെ വ്യവസ്ഥകൾ അറിയിച്ചത്. ഇതിന് പിന്നാലെയാണ് വകുപ് സെക്രട്ടറിമാർ ബില്ലുകളിൽ വിശദീകരണം നൽകിയത്. എന്നാൽ വിവാദ ബില്ലുകളായ സർവകലാശാല ഭേദഗതി, ലോകായുക്ത നിയമ ഭേദഗതിയിൽ തീരുമാനം നീളും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ വിവാദ ബില്ലുകൾ അല്ലാതെയുള്ള നിയമസഭ പാസാക്കിയ 4 ബില്ലുകളിൽ കൂടി ഗവർണർ ഒപ്പിടണം . 11 ബില്ലുകളാണ് രാജ്ഭവനിലേക്ക് ഗവർണറുടെ ഒപ്പിനായി അയച്ചത്. ഗവർണർ ദില്ലിയിലേക്ക് പോകുന്നതിന് മുൻപ് മന്ത്രിമാരോ വകുപ്പ് സെക്രട്ടറിമാരോ വിശദീകരണം നൽകിയാൽ മറ്റ് 4 ബില്ലുകളിൽ കൂടി ഗവർണർ ഒപ്പിട്ടേക്കും.
ഇന്ന് വൈകിട്ട് ദില്ലിയിലേക്ക് പോകുന്ന ഗവർണർ ഉത്തരേന്ത്യൻ സന്ദർശനത്തിന് ശേഷം അടുത്ത മാസം ആദ്യമായിരിക്കും കേരളത്തിലേക്ക് മടങ്ങിയെത്തുന്നത്. അതു വരെ ബില്ലുകൾ ഒപ്പിടാതിരുന്നാൽ സംസ്ഥാന സർക്കാർ പ്രതിസന്ധിയിലാകും. എന്നാൽ സംസ്ഥാനത്ത് ഭരണ പ്രതിസന്ധി ഉണ്ടാകാതിരിക്കാനാണ് വിശദീകരണം ലഭിച്ച 4 ബില്ലുകളിൽ ഗവർണർ ഒപ്പിട്ടത്.