കോഴിക്കോട്: നിലമ്പൂരിൽ കൊല്ലപ്പെട്ട മാവോവാദിനേതാക്കളുടെ മൃതദേഹം കൊണ്ടുവന്നപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് സംഘടിച്ച് ഗതാഗതതടസ്സമുണ്ടാക്കിയെന്ന കേസിൽ മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു കുറ്റക്കാരനല്ലെന്ന് കോടതി. പ്രതിക്കെതിരായ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഗ്രോ വാസുവിനെ വെറുതേവിട്ടത്.
2016 നവംബർ 26-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാറന്റു പുറപ്പെടുവിച്ചതിനെത്തുടർന്ന് കഴിഞ്ഞ ജൂലായ് 29-നാണ് വാസു അറസ്റ്റിലായത്. 94- കാരനായ അദ്ദേഹം അന്നുമുതൽ ജയിലിൽ കഴിയുകയാണ്. അറസ്റ്റിലായ ഗ്രോ വാസു ജാമ്യം സ്വീകരിക്കാനോ, പിഴയടച്ച് കേസ് തീർപ്പാക്കാനോ തയ്യാറാവാതിരുന്നതിനെത്തുടർന്നാണ് കേസ് വലിയ രീതിയിൽ ശ്രദ്ധനേടിയത്. കഴിഞ്ഞദിവസം വാസുവിനെ സാക്ഷിമൊഴികൾ വായിച്ചുകേൾപ്പിച്ചശേഷം കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരുന്നു. സാക്ഷികളോ, തെളിവുകളോ ഹാജരാക്കാനുണ്ടോ എന്ന് ചൊവ്വാഴ്ച കോടതി ചോദിച്ചപ്പോൾ ഇല്ലെന്ന് കേസ് സ്വയം വാദിക്കുന്ന വാസു പറഞ്ഞു. തുടർന്നാണ് ബുധനാഴ്ച കേസിൽ വിധി പറഞ്ഞത്.