പാമ്പാടി : ഗുണ്ടാ പിരിവ് നല്കാത്തതിന്റെ പേരിൽ ടിപ്പർ ലോറി ഡ്രൈവറെ ആക്രമിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി വെള്ളൂർ പൊന്നപ്പൻ സിറ്റി വട്ടക്കണ്ടത്തിൽ വീട്ടിൽ കരുണാകരൻ മകൻ അനൂപ് വി കരുണാകരൻ (31), പാമ്പാടി വെള്ളൂർ കാട്ടാംകുന്ന് അരോളിക്കൽ വീട്ടിൽ ഷാജി മകൻ അജിത്ത് ഷാജി (20),വെള്ളൂർ കണ്ണംകുളം വീട്ടിൽ മധു മകൻ ആരോമൽ മധു (20), വെള്ളൂർ കൈതത്തറ വീട്ടിൽ റോയി മകൻ റിറ്റൊമോൻ റോയ് (21) എന്നിവരെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം അനൂപും സുഹൃത്തുക്കളും ചേർന്ന് ടിപ്പർ ലോറി ഓടിക്കുന്ന സുനിൽ എന്നയാളുടെ വീട്ടിൽ അതിക്രമിച്ചു കയറി ഗുണ്ടാപ്പിരിവ് ചോദിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. പ്രതികള്‍ സംഭവത്തിനു തലേ ദിവസം സുനിൽ ടിപ്പറുമായി വന്ന സമയം കാട്ടാംകുന്ന് ഭാഗത്ത് വച്ച് വഴിയിൽ തടഞ്ഞു നിർത്തി ടിപ്പർ ലോറി ഓടിക്കണമെങ്കിൽ 5000 രൂപ തരണമെന്ന് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയിരുന്നു. തുടർന്നാണ് ഇവർ അടുത്തദിവസം ഇയാളുടെ വീട്ടിൽ അതിക്രമിച്ചു കയറി വീണ്ടും പണം വേണമെന്ന് ആവശ്യപ്പെട്ട് കമ്പിവടി കാണിച്ച് ഭീഷണിപ്പെടുത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന് വഴങ്ങാതിരുന്ന സുനിലിന് നേരെ കമ്പി വടി കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും, സുനിൽ ബഹളം വച്ചതിനെ തുടർന്ന് അയൽക്കാർ ഓടി കൂടുമ്പോഴേക്കും ഇവർ സംഭവ സ്ഥലത്ത് നിന്നും കടന്നുകളയുകയും ചെയ്തു. ഇയാളുടെ പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളെ പിടികൂടുകയുമായിരുന്നു.
ഈ കേസിലെ പ്രതികളായ ആരോമൽ മധു, റിറ്റൊ മോൻ എന്നിവരെ ഓട്ടോറിക്ഷ ഡ്രൈവറെ ആക്രമിച്ച കേസിൽ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. പാമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഓ സുവർണ്ണകുമാർ, എസ്.ഐ ലെബി മോൻ,ബിജേഷ്, സുനിൽ പി.സി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.