ജനീവ: എച്ച്5എൻ1 വൈറസ് അഥവാ പക്ഷിപ്പനി മൂലമുള്ള മരണനിരക്ക് അസാധാരണമായി ഉയരുന്ന സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന. ‘ഇത് ഒരു വലിയ ആശങ്കയായി തുടരുന്നു’- യുഎൻ ആരോഗ്യ ഏജൻസിയുടെ ചീഫ് സയന്‍റിസ്റ്റ് ജെറമി ഫരാർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. വ്യാഴാഴ്ച ജനീവയിൽ വെച്ചായിരുന്നു അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിച്ചത്.
അസാധാരണമാംവിധം മരണനിരക്ക് ഉയർത്താൻ കഴിയുന്ന അപകടകാരിയായാണ് മ്യൂട്ടേഷൻ സംഭവിച്ച എച്ച്5എൻ1 വൈറസ്. വൈറസിനെ കൈകാര്യം ചെയ്യുന്നതിൽ ചെറിയ പാളിച്ചയുണ്ടായാൽ തന്നെ, ലോകം മുഴുവന്‍ പടര്‍ന്ന് മഹാമാരിയായി മാറാമെന്ന് മുമ്പേ ശാസ്ത്രജ്ഞർ പറഞ്ഞിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2020-ൽ ആരംഭിച്ച പക്ഷിപ്പനി ദശലക്ഷക്കണക്കിന് കോഴികളുടെ മരണത്തിന് കാരണമായി. കാട്ടുപക്ഷികൾ, കരയിലെ സസ്തനികൾ, സമുദ്ര സസ്തനികൾ എന്നിവയെയും ഇത് ബാധിച്ചിരുന്നു. ഇപ്പോൾ ഈ വൈറസ് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് അതിവേഗം പകരാനുള്ള കഴിവും വികസിപ്പിക്കുകയാണെന്നും ജെറമി ഫരാർ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 2023- ന്‍റെ തുടക്കം മുതൽ ഈ വർഷം ഏപ്രിൽ 1 വരെ 23 രാജ്യങ്ങളിലായി 889 മനുഷ്യ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിന്‍റെ ഫലമായി 463 മരണങ്ങളും സംഭവിച്ചു.
അമേരിക്കയിലെ മിഷിഗണിൽ ഫാം ജീവനക്കാരനിൽ എച്ച്5എൻ1 സാന്നിധ്യം കണ്ടെത്തിയതായി ഈ മാസം ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്ത് ഒരു മനുഷ്യന് പക്ഷിപ്പനി പോസിറ്റീവ് ആയ രണ്ടാമത്തെ കേസ് മാത്രമാണിത്. ടെക്സാസ്, കൻസാസ്, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ കാട്ടുപക്ഷികളോട് സമ്പർക്കം പുലർത്തുന്ന കൂട്ടത്തിൽ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നാണ് സംഭവം. പലപ്പോഴും പ്രകടമായ രോഗലക്ഷങ്ങൾ ഒന്നും ഉണ്ടായെന്നു വരില്ല. പനി, ചുമ, ശരീരവേദന, ന്യുമോണിയ, ശ്വസിക്കാൻ ബുദ്ധിമുട്ട്, കണ്ണുകളിലെ ചുവപ്പ് നിറം, തൊണ്ടവേദന, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് പൊതുവേ കണ്ടുവരുന്ന ലക്ഷണങ്ങള്‍. ഏതാണ്ട് 52 ശതമാനത്തിലധികമാണ് എച്ച്5എൻ1വൈറസ് മരണനിരക്ക്.