ചൂട് കാലം ഇങ്ങേത്തിയിരിക്കുകയാണ്. ആരോഗ്യവുമായി ബന്ധപ്പെട്ട് പല ബുദ്ധിമുട്ടുകളാണ് വേനൽ കാലത്ത് നമ്മളെ തേടിയെത്തുന്നത്. ചൂട് കാലം ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് നമ്മുടെ ചർമത്തിനും മുടിക്കുമാണ്. ചർമ സംരക്ഷണത്തിന് ഏറെ ശ്രദ്ധ നൽകുന്നവരാണ് നമ്മളിലേറെ പേരും. നല്ല രീതിയിൽ ശ്രദ്ധിച്ചില്ലെങ്കിൽ വേനൽ കാലം കഴിയുമ്പോൾ മുടി കൊഴിഞ്ഞ്, ആരോഗ്യം നഷ്ടപ്പെട്ട അവസ്‌ഥയിലേക്ക് വരും.
വേനൽക്കാലത്ത് മുടിയുടെ ആരോഗ്യത്തിനായി നമുക്ക് വീട്ടിൽ വച്ച് എന്തൊക്കെ ചെയ്യാമെന്ന് നോക്കാം.വേനൽകാലത്ത് തല ധാരാളമായി വിയർക്കും. താരനുള്ളവരിൽ അത് കൂടി തലയിൽ ചൊറിച്ചിൽ അനുഭവപ്പെടും. ചെറിയ കുരുക്കൾ വരാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ട് തന്നെ വേനൽകാലത്ത് ശിരോചർമ്മം വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദിവസവും തല കഴുകുക എന്നതാണ് പ്രധാനം. എന്നാൽ എല്ലാ ദിവസവും ഷാംപൂ ചെയ്യുന്നതും മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. മൈൽഡ് ഷാംപൂ ആഴ്ചയിൽ ഒരിക്കൽ മാത്രമാക്കുക. കിണർ വെള്ളം അല്ല എന്നുണ്ടെങ്കിൽ ക്ലോറിനേറ്റ് വെള്ളം പിടിച്ചു വച്ചതിന് ശേഷം കുളിക്കുക. വേനൽ കാലത്ത് അമിതമായി എണ്ണ തേയ്ക്കരുത്. എന്നാൽ ചെമ്പരത്തി താളി ഉപയോഗിക്കുന്നവർക്ക് എല്ലാ ദിവസവും ഉപയോഗിക്കാവുന്നതാണ്.
ഹെൽമറ്റ് ഉപയോഗിക്കുന്നവർ തല വിയർത്ത് ഫംഗസും താരനും കൂടാൻ സാധ്യതയുള്ളത് കൊണ്ട് തല കവർ ചെയ്യുന്ന സ്കാർഫോ ഹെയർ ക്യാപ്പോ ഉപയോഗിക്കണം. മാത്രമല്ല ഇത് കൃത്യമായ ഇടവേളകളിൽ കഴുകുകയും വേണം. മുടിയിൽ കെമിക്കൽ ട്രീറ്റ്മെന്റുകൾ ചെയ്യുന്നവർ വേനൽ കാലത്ത് ഇത് ഒഴിവാക്കുന്നതാണ് നല്ലത്. മുടിയിൽ ഹീറ്റ് ചെയ്യുന്നവർ വേനൽ കാലത്ത് അത് ഒഴിവാക്കുന്നതാകും നല്ലത്.
പുറത്തിറങ്ങുമ്പോൾ മുടി അഴിച്ചിടാതെ കെട്ടി വയ്ക്കുന്നതാകും ഉചിതം. ഹെയർ പാക്കുകൾ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. നെല്ലിക്കയും കറിവേപ്പിലയും കറ്റാർവാഴയും അരച്ചെടുത്ത് തലയിൽ ഹെയർ പാക്കായി ഉപയോഗിക്കാവുന്നതാണ്. താരനെ അകറ്റി മുടിയുടെ ആരോഗ്യം നിലനിർത്താൻ ഈ പാക്ക് ഉത്തമമാണ്. കഞ്ഞിവെള്ളവും അരി കഴുകിയ വെള്ളവും വേനൽ കാലത്ത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
ഇതിനൊക്കെ പുറമെ ഭക്ഷണ കാര്യത്തിലും അല്പം ശ്രദ്ധ വേണം. ഏറ്റവും പ്രധാനമായും സാധാരണയായി നമ്മൾ കുടിക്കുന്നതിനേക്കാൾ വെള്ളം ചൂട് കാലത്ത് കുടിക്കാൻ ശ്രദ്ധിക്കണം.
അയൺ, സിങ്ക്,ബയോട്ടിന്, വൈറ്റമിൻ സി, ഒമേഗ3സി, വൈറ്റമിൻ ഡി തുടങ്ങിയ പോഷകങ്ങൾ ഉൾപ്പെടുത്തണം. കശുവണ്ടി പരിപ്പ്, ബദാം, വാൽനട്ട്, ഫ്ളക്സ് സീഡ്‌സ് എന്നിവയൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. യോഗർട്ട്, നെല്ലിക്ക, മുരിങ്ങയില, മധുരക്കിഴങ്ങ് ഇവയൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.