മുടികൊഴിച്ചിൽ ഇന്നത്തെ കാലത്ത് ആളുകളുടെ ഏറ്റവും വലിയ ആശങ്കകളിലൊന്നാണ്. മുടികൊഴിച്ചിലുണ്ടാകുന്നത് രൂപഭാവം മാറ്റുക മാത്രമല്ല ആത്മവിശ്വാസത്തെ ബാധിക്കുകയും ചെയ്യും. ചെറുപ്രായത്തിൽ തന്നെ മുടി കൊഴിയുന്നത് പലർക്കും അനുഭവപ്പെടാറുണ്ട്. മുടികൊഴിച്ചിലിന് പിന്നിൽ പല കാരണങ്ങളുണ്ടാകാം.
ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അഭാവം മുടി വളർച്ചയെ തടസ്സപ്പെടുത്തുകയും മുടി കൊഴിയാൻ തുടങ്ങുകയും ചെയ്യും. മുടി വളരാൻ ശരീരത്തിന് ആവശ്യമായ മറ്റൊരു പ്രധാന ധാതുവാണ് സിങ്ക്. സിങ്കിൻ്റെ കുറവ് മുടിയിഴകളെ കനംകുറഞ്ഞതും ദുർബലവുമാക്കുന്ന അവസ്ഥയ്ക്ക് കാരണമാകുമെന്ന് പോഷകാഹാര വിദഗ്ധർ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുടികൊഴിച്ചിൽ അകറ്റുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. മുടികൊഴിച്ചിൽ ഉള്ളവർ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട ഒരു പാനീയത്തെ കുറിച്ചാണ് ഇനി പറയുന്നത്. ഈ പാനീയം തയ്യാറാക്കാൻ മൂന്ന് ചേരുവകളാണ് വേണ്ടത്.
കറിവേപ്പില, ഇഞ്ചി, നെല്ലിക്ക എന്നിവ യോജിപ്പിച്ച പാനീയം മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിന് സഹായിക്കുന്നു.
ഒരു പിടി കറിവേപ്പില, ഒരു ചെറിയ കഷണം ഇഞ്ചി, 2 നെല്ലിക്ക ( ചെറിയ കഷ്ണങ്ങളാക്കിയത്) എന്നിവ അൽപം വെള്ളം ചേർത്ത് മിക്സിൽ അടിച്ചെടുക്കുക. ശേഷം കുടിക്കുക.
കറിവേപ്പിലയിൽ ആൻ്റിഓക്സിഡൻ്റുകൾ, വിറ്റാമിൻ എ, ബി, സി തുടങ്ങിയ വിറ്റാമിനുകളും മുടിയുടെ വളർച്ചയ്ക്കും കരുത്തിനും ആവശ്യമായ ഇരുമ്പ്, കാൽസ്യം തുടങ്ങിയ ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. മുടി കൊഴിയുന്നത് തടയാനും ആരോഗ്യകരവും കട്ടിയുള്ളതുമായ മുടിയ്ക്കും അവ സഹായിക്കുന്നു.
ഇഞ്ചിയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനും, നീളമുള്ളതും ശക്തവുമായ മുടിയ്ക്കും സഹായിക്കുന്നു.
തലയോട്ടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നതും മുടി വളരുന്നതിനും അകാല നര തടയുന്നതിനും നിർണായക പങ്ക് വഹിക്കുന്ന വിറ്റാമിൻ സി, ആൻ്റിഓക്സിഡൻ്റുകൾ എന്നി നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് മുടി പൊട്ടുന്നത് കുറയ്ക്കുകയും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും നെല്ലിക്ക സഹായകമാണ്.