കൂരോപ്പട : വീണ്ടും കൂരോപ്പടയിലെ ഹരിത കർമ്മസേനയുടെ സത്യസന്ധത വീട്ടമ്മയ്ക്ക് തിരികെ ലഭിച്ചത് ഒരു മാസം മുൻപ് നഷ്ടപ്പെട്ട ആറായിരം രൂപാ. കൂരോപ്പട പഞ്ചായത്തിലെ മൂന്നാം വാർഡിലെ ഹരിത കർമ്മ സേനാംഗങ്ങളായ അനീഷാ, സിന്ധു മനോജ് എന്നിവർ ഏപ്രിൽ ഒൻപതാം തീയതി വാർഡിലെ കപ്പിലുമാക്കൽ പൊന്നമ്മയുടെ വീട്ടിൽ പ്ലാസ്റ്റിക്കുകളും ബാഗുകളും ശേഖരിക്കുന്നതിന് എത്തി. ഗൃഹനാഥയായ പൊന്നമ്മയാണ് വീട്ടിലെ പ്ലാസ്റ്റിക്കുകളും പഴയ ബാഗുകളും ഇവർക്ക് നൽകിയത്. ആറായിരം രൂപാ അടങ്ങിയ പഴയ ബാഗും പ്ലാസ്റ്റിക്കിന്റെ കൂടെ നൽകി. പണം പ്ലാസ്റ്റിക്കിന്റെ കൂടെയുണ്ടെന്ന് വീട്ടുകാരും ഹരിത കർമ്മസേനാംഗങ്ങളും അറിഞ്ഞില്ല. വീടുകളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക്കുകൾ ചാക്കിലാക്കി റോഡിന് സമീപമുള്ള മിനി എ.സി.എഫിൽ ദിവസങ്ങളോളം സൂക്ഷിച്ചിരുന്നു. തുടർന്ന് ഇന്നാണ് (ചൊവ്വ) ചാത്തൻപാറയിലെ പ്ലാസ്റ്റിക്ക് സംഭരണ കേന്ദ്രത്തിലേക്ക് മൂന്നാം വാർഡിലെ പ്ലാസ്റ്റിക്കുകൾ അടങ്ങിയ ചാക്കുകൾ മാറ്റിയത്. ഹരിത കർമ്മസേന ഇന്ന് രാവിലെ ശേഖരിച്ച പഴയ ബാഗുകൾ തിരഞ്ഞപ്പോഴാണ് പണം ലഭിച്ചത്. പണം കിട്ടിയ വിവരം വാർഡ് അംഗം മഞ്ജു കൃഷ്ണകുമാറിനെ അറിയിച്ചു. മഞ്ജു ഉടനെ വിവരം പണം നഷ്ടപ്പെട്ട കപ്പിലുമാക്കൽ പൊന്നമ്മയെ അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യൂ , വൈസ് പ്രസിഡന്റ് ഗോപി ഉല്ലാസ്, പഞ്ചായത്ത് അംഗങ്ങളായ മഞ്ജു കൃഷ്ണകുമാർ , അനിൽ കൂരോപ്പട, സന്ധ്യാ ജി നായർ , സന്ധ്യാ സുരേഷ്, പഞ്ചായത്ത് സെക്രട്ടറി എസ്.സുനിമോൾ, അസി.സെക്രട്ടറി സി.എൻ സിന്ധു, ഹരിത കർമ്മസേനാ സെക്രട്ടറി ശശികല തുടങ്ങിയവരുടെ സാന്നിധ്യത്തിൽ പണം പൊന്നമ്മയുടെ മകൾ സന്ധ്യയ്ക്ക് ഹരിതകർമ്മ സേനാംഗം അനീഷയും സിന്ധുവും ചേർന്ന് കൈമാറി.
എല്ലാവരും ഹരിത കർമ്മ സേനാംഗങ്ങളുടെ സത്യസന്ധതയെ അഭിനന്ദിച്ചു.
നഷ്ടപ്പെട്ടെന്ന് കരുതിയ പണം തിരിച്ച് കിട്ടിയതിൽ ഏറെ സന്തോഷമുണ്ടെ ന്ന് പൊന്നമ്മ പറഞ്ഞു. പണം ഏറ്റ് വാങ്ങി നന്ദിയും പറഞ്ഞ് മധുര പലഹാരങ്ങളും വിതരണം ചെയ്താണ് മടങ്ങിയത്.
കഴിഞ്ഞ മാർച്ച് മാസത്തിൽ ആറാം വാർഡിലെ വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ട സ്വർണ്ണാഭരണങ്ങൾ കണ്ടെടുത്ത് ഹരിതകർമ്മസേന കൈമാറിയിരുന്നു. ഏവരുടെയും അഭിനന്ദനം ഏറ്റ് വാങ്ങിയ നടപടിയായിരുന്നു.
വീണ്ടും ഹരിത കർമ്മസേനയുടെ സത്യസന്ധത; ഗൃഹനാഥയ്ക്ക് നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചു.

Advertisements