ദില്ലി: ഹരിയാന യമുനയിലെ ജലത്തിൽ വിഷം കലർത്തുന്നുവെന്ന പ്രസ്താവനയിൽ ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കേസെടുത്തു. ഹരിയാന പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കലാപത്തിന് പ്രേരിപ്പിക്കൽ, വിദ്വേഷം വളർത്തൽ, ദ്രോഹിക്കുക എന്ന ഉദ്ദേശത്തോടെ ഒരാളുടെ പേരിൽ തെറ്റായി കുറ്റം ചുമത്തുക, പൗരന്മാരുടെ മതവികാരം വ്രണപ്പെടുത്തുന്ന ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികളിൽ ഏർപ്പെടുക തുടങ്ങിയവ കെജ്രിവാളിനെതിരെയുള്ള ആരോപണങ്ങളിൽപ്പെടുന്നു.
ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജഗ്മോഹൻ മൻചൻഡയുടെ പരാതിയിൽ കുരുക്ഷേത്രയിലെ ഷഹാബാദ് പൊലീസ് സ്റ്റേഷനിലാണു കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞയാഴ്ച അരവിന്ദ് കെജ്രിവാൾ നടത്തിയ ഈ പരാമർശം വലിയ രാഷ്ട്രീയ സംഘർഷത്തിന് കാരണമായിരുന്നു. വിഷയം തെരഞ്ഞെടുപ്പ് കമ്മീഷനു മുമ്പാകെ വരെ എത്തിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദില്ലിയിലെ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കാൻ ഹരിയാനയിലെ ബിജെപി സർക്കാർ യമുനയിൽ വിഷം കലർത്തുന്നുണ്ടെന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ ആരോപണം. പ്രസ്താവനയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണവും ചോദിച്ചിരുന്നു.
യമുനയിലെ അമോണിയയുടെ അളവ് സാധാരണ നിലയേക്കാൾ 700 മടങ്ങ് കൂടുതലാണെന്ന് ദില്ലി ജല ബോർഡിൻ്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ പ്രതികരണം. മനുഷ്യൻ്റെ ആരോഗ്യത്തിന് ഇത് അത്യന്തം അപകടകരമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. അതേ സമയം ഈ ആരോപണം തെറ്റാണെന്നു ചൂണ്ടിക്കാട്ടി ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി യമുനയിലെ വെള്ളം കുടിക്കുന്നതിൻ്റെ വീഡിയോ പുറത്തു വിട്ടു.
എന്നാൽ അഞ്ച് വർഷത്തിനുള്ളിൽ യമുന വൃത്തിയാക്കുമെന്ന് കെജ്രിവാൾ വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതുണ്ടായില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. ഹരിയാനയിലെ ബിജെപി സർക്കാർ കുടിക്കുന്ന വെള്ളത്തിൽ വിഷം കലർത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചു. ഇത്തരം വിചിത്രമായ പ്രസ്താവവനകൾ നടത്തി എഎപി നേതാവ് തൻ്റെ പാർട്ടിയുടെ ഭരണ പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്നും നരേന്ദ്രമോദി ആരോപിച്ചു.