കോട്ടയം : ആരോഗ്യപ്രവർത്തകരുടെ സുരക്ഷയെ മുൻനിർത്തി പുതിയ ചുവടുമായി ജില്ലാ പോലീസ്. ഡോക്ടർമാർ ഉൾപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങൾ തടയുന്നതിനും, നിയമനടപടികൾ സ്വീകരിക്കുന്നതിനുമായി കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു.കോട്ടയം പോലീസ് ക്ലബ്ബിൽ നടന്ന പ്രോഗ്രാം ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഉദ്ഘാടനം ചെയ്തു. പുതിയതായി ഇറക്കിയ ഓർഡിനൻസ് പ്രകാരം ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങളിൽ കാലതാമസം കൂടാതെ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതിന് പോലീസ് ഉദ്യോഗസ്ഥരെ കൂടുതൽ സജ്ജരാക്കുക എന്നതിന്റെ ഭാഗമായാണ് ട്രെയിനിങ് സംഘടിപ്പിച്ചത്. ആശുപത്രികളിലും, മറ്റ് ഹെൽത്ത് സെന്ററുകളിലെയും എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരും, കൂടാതെ കസ്റ്റഡിയിലുള്ള പ്രതികളുമായി മെഡിക്കൽ പരിശോധനയ്ക്ക് എത്തുന്ന പോലീസ് ഉദ്യോഗസ്ഥരും സ്വീകരിക്കേണ്ട മുൻകരുതലുകളെ ക്കുറിച്ചും ഇതിനു പുറമേ മനോരോഗമുള്ളവരും, മദ്യം, മയക്കുമരുന്ന് എന്നിവയ്ക്ക് അടിമപ്പെട്ട പ്രതികളുമായി വൈദ്യ പരിശോധനയ്ക്ക് എത്തുമ്പോഴും പോലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കേണ്ട മുൻകരുതുലുകളെക്കുറിച്ചും പ്രത്യേകം ക്ലാസുകൾ നടത്തി. ഡോക്ടർ ജോമോൻ ജോർജ് (ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മെഡിക്കൽ കോളേജ് കോട്ടയം, ഡോക്ടർ ടോണി തോമസ് ജോയിന്റ് കൺസൾട്ടന്റ് സൈക്രാ ട്രി ജില്ലാ ആശുപത്രി കോട്ടയം എം.എസ് ഗോപകുമാർ(എസ് ഐ ലീഗൽ സെൽ ) തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. ഇത്തരം കേസുകൾ ശ്രദ്ധയില്‍ പെട്ടാലുള്ള പോലീസിന്റെ നടപടിയെക്കുറിച്ചുള്ള ആരോഗ്യ പ്രവർത്തകരുടെ ചോദ്യത്തിന്, ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി ഉറപ്പു നൽകുകയും ചെയ്തു. ജില്ലയിലെ എല്ലാ ഡി.വൈ.എസ്.പി മാരും, എസ്. എച്ച്. ഓ മാരും, എസ്.ഐ മാരും, പോലീസ് എയ്ഡ്പോസ്റ്റുകളിലെ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു ട്രെയിനിങ് സംഘടിപ്പിച്ചത്.