ചില ഡോക്ടര്‍മാര്‍ തുടരുന്ന രീതികള്‍ അവസാനിപ്പിച്ചില്ലെങ്കിൽ അതിശക്തമായ നടപടി: മന്ത്രി വീണാ ജോര്‍ജ്

ചില ഡോക്ടര്‍മാര്‍ തുടരുന്ന രീതികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ അതിശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രികളില്‍ ചില പ്രവണതകള്‍ ഇപ്പോഴും ഉള്ളതായി കാണുന്നു. ഓപ്പറേഷന്‍ ഡേറ്റ് നിശ്ചയിക്കണമെങ്കില്‍, ഓപ്പറേഷന്‍ തീയറ്ററില്‍ കയറ്റണമെങ്കില്‍ ഡോക്ടറെ അല്ലാതെ പോയി വീട്ടില്‍ കാണണം. ഇത് അനുവദിക്കില്ല. ആരോഗ്യ മേഖലയില്‍ 98 ശതമാനം ആളുകളും കഠിനാധ്വാനം ചെയ്യുമ്പോള്‍ ചുരുക്കം ചില ആളുകള്‍ തെറ്റായ രീതിയില്‍ പെരുമാറുന്നത് തിരുത്തപ്പെടേണ്ടതാണ്. ബഹുഭൂരിപക്ഷവും 24 മണിക്കൂറും, ഏത് നിമിഷം വിളിച്ചാലും ഓടിയെത്തുന്നവരാണ്. പക്ഷെ ചുരുക്കം ചിലര്‍ പൊതുവായ ആരോഗ്യ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അപമാനകരമാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് കാണുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിലെ ഓക്സിജന്‍ ജനറേഷന്‍ പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാര്‍ ഏറ്റവുമധികം പണം ചെലവഴിക്കുന്ന മേഖലയാണ് ആരോഗ്യ മേഖല. കോടിക്കണക്കിന് രൂപയാണ് ആരോഗ്യ മേഖലയുടെ പുരോഗതിക്കായി ചെലവഴിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടാകുന്നത്. താലൂക്ക് ആശുപത്രികള്‍ മുതല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രികളാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിച്ചുവരുന്നത്. ആര്‍ദ്രം മിഷന്റെ ഭാഗമായി ആശുപത്രികളെ സ്റ്റാന്‍ഡേഡൈസ് ചെയ്തു. ജനങ്ങള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
പാവപ്പെട്ടവര്‍, കര്‍ഷകര്‍, തൊഴിലാളികള്‍ തുടങ്ങി സാധാരണക്കാര്‍ അന്നന്നത്തെ വരുമാനത്തിന് വേണ്ടി കഷ്ടപ്പെടുന്നവര്‍ സര്‍ക്കാര്‍ ആശുപത്രികളിലെത്തുമ്പോള്‍ ഈ രീതിയിലുള്ള പ്രവണതകള്‍ ചിലരെങ്കിലും പുലര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് തെറ്റായ കാര്യമാണ്. അത്തരക്കാര്‍ക്കെതിരെ അതി ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതാണ്. ഇത് ഒരു തരത്തിലും അംഗീകരിക്കുകയില്ല, അനുവദിക്കുകയുമില്ല. സര്‍ക്കാരിന്റെ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാകുന്നതിന് വേണ്ടിയുള്ള യോജിച്ചുള്ള പ്രവര്‍ത്തനം ഉണ്ടാകണം. ഇതൊരു സന്ദേശമാണെന്നും മന്ത്രി വ്യക്തമാക്കി.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.