പത്തനംതിട്ട: ” ഹലോ, ഇത് പമ്പ പൊലീസ് സ്റ്റേഷനിൽ നിന്നാണ്. ഇപ്പോൾ നിങ്ങൾ ഉപയോഗിക്കുന്ന ഈ മൊബൈൽ ഫോൺ ശബരിമലയിൽ നഷ്ടപ്പെട്ടതാണ്.ദയവായി ഇത് എത്രയും വേഗം പമ്പ പൊലീസ് സ്റ്റേഷനിൽ എത്തിക്കണം”
കഴിഞ്ഞ സീസണിൽ ശബരിമലയിൽ മൊബെെൽ ഫോൺ നഷ്ടപ്പെട്ടതായി പമ്പ പൊലീസ് സ്റ്റേഷനിൽ കിട്ടിയ പരാതികളുടെ എണ്ണം 230 എണ്ണമാണ്. ഇതു കണ്ടുപിടിച്ച് പരാതിക്കാരനെ ഏൽപ്പിക്കാനുള്ള ശ്രമത്തിലാണ് പമ്പ പൊലീസ് . ഇതുഫലം കണ്ടു. 102ഫോണുകൾ തിരികെ കിട്ടി. അവ യഥാർഥ ഉടമസ്ഥനെ ഏൽപ്പിക്കുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നാണ് ഫോണുകൾ തിരികെ ലഭിച്ചത്.
കൂടുതൽ ഫോണുകളും ലഭിച്ചത് തമിഴ്നാട്ടിലെ കമ്പം, തേനി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നാണ് എന്നതാണ്‌രസകരമായ വസ്തുത. ഈ പ്രദേശങ്ങളിൽ നിന്നാണ് ശബരിമല ശുചീകരണ തൊഴിലാളികളിൽ ഏറിയ പങ്കും എത്തിയത്. ശചീകരണത്തിനിടെ ഈ ഫോണുകൾ ഇവർക്കു കളഞ്ഞു കിട്ടുകയായിരുന്നു. അവകാശികൾ ആരും ഇല്ലായിരുന്നതിനാൽ തൊഴിലാളികൾ ഇവ സ്വന്തം നാട്ടിൽ കൊണ്ടു പോയി കിട്ടിയ വിലയ്ക്കുവിൽക്കുകയായിരുന്നു. അവയിൽ പലതും പൊലീസിൻ്റെ ഇടപെടലിലൂടെ തിരികെ ഉടമസ്ഥനു കിട്ടി.