എത്തിഹാദില്‍ റയലിന്‍റെ മധുരപ്രതികാരം ; യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയില്‍ കടന്ന് സ്പാനിഷ് വമ്പന്മാരായ റയല്‍ മഡ്രിഡ്

സ്പോർട്സ് ഡെസ്ക്ക് : സ്പാനിഷ് വമ്പന്മാരായ റയല്‍ മഡ്രിഡ് യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയില്‍. ആവേശകരമായ രണ്ടാംപാദ ക്വാർട്ടർ ഫൈനല്‍ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് കാർലോ ആഞ്ചലോട്ടിയും സംഘവും അവസാന നാലിലെത്തിയത്.സ്കോർ : 4-3. ഗോള്‍കീപ്പർ ലുനിന്‍റെ തകർപ്പൻ സേവുകളാണ് റയലിന്‍റെ വിജയത്തില്‍ നിർണായകമായത്. സെമിയില്‍ ബയേണ്‍ മ്യൂണിക്കാണ് റയലിന്‍റെ എതിരാളികള്‍. സിറ്റിയുടെ സ്വന്തം തട്ടകമായ എത്തിഹാദില്‍ നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഓരോ ഗോള്‍ വീതം സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്. കഴിഞ്ഞ സീസണില്‍ സെമിയില്‍ സിറ്റിയോട് തോറ്റാണ് റയല്‍ ചാമ്പ്യൻസ് ലീഗില്‍നിന്ന് പുറത്തായത്. എത്തിഹാദില്‍തന്നെ റയലിന്‍റെ മധുരപ്രതികാരം. 

സാന്‍റിയാഗോ ബെർണബ്യൂവില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ ഇരുടീമുകളും 3-3 എന്ന സ്കോറിനാണ് പിരിഞ്ഞത്. മത്സരത്തിന്‍റെ 12ാം മിനിറ്റില്‍ റോഡ്രിഗോയിലൂടെ റയലാണ് ആദ്യം ലീഡെടുത്തത്. ബ്രസീല്‍ വിങ്ങർ വിനീഷ്യസ് ബോക്സിന്‍റെ വലതു പാർശ്വത്തില്‍നിന്ന് നല്‍കിയ ക്രോസ് റോഡ്രിഗോ പോസ്റ്റിലേക്ക് തട്ടിയിട്ടെങ്കിലും സിറ്റി ഗോള്‍ക്കീപ്പര്‍ എഡേഴ്‌സണ്‍ തട്ടിയകറ്റി. എന്നാല്‍, റീബൗണ്ടില്‍ റോഡ്രിഗോക്ക് പിഴച്ചില്ല. പന്ത് വലയില്‍. അഗ്രിഗേറ്റഡ് സ്കോർ: 4-3. പിന്നീടങ്ങോട്ട് കളിയിലുടനീളം സിറ്റി ആധിപത്യം പുലർത്തിയെങ്കിലും റയലിന്‍റെ പ്രതിരോധപൂട്ട് പൊട്ടിക്കാനായില്ല. ഫിനിഷിങ്ങിലെ പോരായ്മകളും തിരിച്ചടിയായി. ഇതിനിടെ ഗോള്‍ മെഷീൻ എർലിങ് ഹാലൻണ്ടിന്‍റെ ഹെഡ്ഡർ പോസ്റ്റില്‍ തട്ടി മടങ്ങി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാസ്സിങ് ഗെയിമുമായി മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ആദ്യ പകുതിയില്‍ സിറ്റിക്ക് ഗോള്‍ മടക്കാനായില്ല. ഒടുവില്‍ 76ാം മിനിറ്റില്‍ സിറ്റി മത്സരത്തില്‍ ഒപ്പമെത്തി. പകരക്കാരനായി ഇറങ്ങിയ ഡോകു നല്‍കിയ അസിസ്റ്റില്‍ സൂപ്പർതാരം കെവിൻ ഡി ബ്രുയിനെയാണ് വലകുലുക്കിയത്. നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും വിജയഗോള്‍ നേടാനായില്ല. അധിക സമയത്തും സമനില പാലിച്ചതോടെ വിധി നിർണയിക്കാൻ ഷൂട്ടൗട്ടിലേക്ക്.

റയലിനുവേണ്ടി ജൂഡ് ബെല്ലിങ്ഹാം, വാസ്‌കസ്, നാചോ, റുഡിഗര്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. ആദ്യ കിക്കെടുത്ത ലൂക്കാ മോഡ്രിച്ചിന്റെ ഷോട്ട് എഡേഴ്‌സണ്‍ തടുത്തിട്ടു. സിറ്റിക്കുവേണ്ടി ജൂലിയന്‍ അല്‍വാരസ്, ഫില്‍ ഫോഡന്‍, എഡേഴ്‌സണ്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ രണ്ടാം കിക്കെടുത്ത ബെര്‍ണാഡോയുടെയും മൂന്നാം കിക്കെടുത്ത കൊവചിചിന്റെയും ഷോട്ടുകള്‍ ലുനിന്‍ തടുത്തിട്ടു. തുടർച്ചയായ രണ്ടാം സീസണിലും ട്രബ്ള്‍ നേടാമെന്ന പെപ് ഗ്വാർഡിയോളയുടെയും സംഘത്തിന്‍റെയും പ്രതീക്ഷകളാണ് തകർന്നടിഞ്ഞത്. നിലവില്‍ പ്രീമിയർ ലീഗില്‍ കിരീട പ്രതീക്ഷയുമായി ഒന്നാമതാണ്. എഫ്.എ കപ്പില്‍ സെമിയില്‍ ചെല്‍സിയാണ് എതിരാളികള്‍. മത്സരത്തില്‍ സിറ്റി 33 ഷോട്ടുകള്‍ തൊടുത്തപ്പോള്‍ റയലിന്‍റെ കണക്കില്‍ എട്ടെണ്ണം മാത്രം. പന്ത് കൈവശം വെക്കുന്നതിലും സിറ്റി ബഹുദൂരം മുന്നിലായിരുന്നു. 64 ശതമാനം.

Hot Topics

Related Articles