പാലാ : ഹിമാലയ യിൽ ജോലി ചെയ്യുന്ന മെഡിക്കൽ സെയിൽസ് റെപ്രസന്റെറ്റിവുമാരെ അകാരണമായി പുറത്താക്കുകയും സംഘടനാനേതാക്കൾ ഉൾപ്പെടെയുള്ള തൊഴിലാളികൾക്കെതിരെ അന്യായമായി സ്ഥലംമാറ്റം അടക്കമുള്ള തൊഴിലാളി ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച സമര സഹായ സമിതിയുടെ നേതൃത്വത്തിൽ പാലായിലെ ഹിമാലയ സ്റ്റോറിന് മുന്നിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. സിഐടിയു കോട്ടയം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ ഉദ്ഘാടനം ചെയ്തു. സിഐടിയു കോട്ടയം ജില്ലാ കമ്മിറ്റി അംഗം ഷാർലി മാത്യു, സിഐടിയു പാലാ ഏരിയാസെക്രട്ടറി വേണു എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
മെഡിക്കൽ സെയിൽസ് റെപ്രസന്റെറ്റിവുമാരുടെ അഖിലേന്ത്യാ സംഘടന ആയ എഫ് എം ആർ എ ഐ യുടെ ആഹ്വാനപ്രകാരമാണ് ഹിമാലയ കമ്പനിക്കെതിരെ അഖിലേന്ത്യാതലത്തിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുന്നത്. ജില്ലയിൽ സമരം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ലാലിച്ചൻ ജോർജ് ചെയർമാനായും റിയാസ് റഹ്മാൻ കൺവീനറായും ഉള്ള സമരസഹായ സമിതി തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധ ധർണയിൽ കെ എം എസ് ആർ എ സംസ്ഥാന കമ്മിറ്റി അംഗം രഞ്ജിത്ത് കെ.ടി അധ്യക്ഷത വഹിച്ചു. സിഐടിയു കോട്ടയം ജില്ലാ കമ്മിറ്റി അംഗം ശരത്ചന്ദ്രൻ സ്വാഗതം പറഞ്ഞു. കെ എം എസ് ആർ എ ജില്ലാ സെക്രട്ടറി റിയാസ് റഹ്മാൻ, പ്രമോദ് എൻ, അജയൻ ജി.ആർ എന്നിവർ സംസാരിച്ചു.