കൊവിഡ് ഉണ്ടാക്കിയ ആരോഗ്യപ്രതിസന്ധികൾ തന്നെ നാമിതുവരെ അതിജീവിച്ചിട്ടില്ല. കൊവിഡ് ബാധിക്കപ്പെട്ട് അത് ഭേദമായ ശേഷവും ദീർഘനാളത്തേക്ക് ഇതിൻറെ അനുബന്ധപ്രശ്നങ്ങൾ നേരിടുന്നവർ നിരവധിയാണ്. ലോംഗ് കൊവിഡ് എന്നാണിതിനെ വിശേഷിപ്പിക്കുന്നത്. ക്ഷീണം, തളർച്ച, ഓർമ്മക്കുറവ്, ചിന്താശേഷിയിൽ കുറവ്, ശ്വാസതടസം, ഗന്ധവും രുചിയും നഷ്ടപ്പെടുന്ന അവസ്ഥ എന്നിങ്ങനെ പല പ്രശ്നങ്ങളാണ് ലോംഗ് കൊവിഡിൽ കാണുന്നത്. ഇതിനിടെ വൈറൽ അണുബാധകളും വ്യാപകമാകുമ്പോൾ അത് ഇരട്ടി പ്രയാസങ്ങളാണ് തീർക്കുന്നത്. വൈറൽ പനി ബാധിച്ചവരിലാണെങ്കിൽ വലിയൊരു വിഭാഗം പേരിലും ഇതിന് ശേഷവും ചുമ നീണ്ടുനിൽക്കുന്നത് കാണാം. കാര്യമായ രീതിയിലാണീ ചുമ ഇവരുടെ നിത്യജീവിതത്തെ അലോസരപ്പെടുത്തുന്നത്. വൈറൽ പനിയുടെ ബാക്കിയായ ചുമയാണെന്നത് ഉറപ്പിച്ചുകഴിഞ്ഞാൽ പിന്നെ അതിനെ പരിഹരിക്കാനുള്ള മാർഗങ്ങൾ മാത്രം നോക്കിയാൽ മതി. അത്തരത്തിൽ ചുമയിൽ നിന്ന് ആശ്വാസം ലഭിക്കാൻ വീട്ടിൽ തന്നെ ചെയ്തുനോക്കാവുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
നമ്മുടെ വീട്ടിൽ എപ്പോഴും ലഭ്യമായിട്ടുള്ള ചില ചേരുവകളുപയോഗിച്ച് ചുമയ്ക്ക് ആശ്വാസം കണ്ടെത്തുന്നത് എങ്ങനെയാണെന്നാണ് പങ്കുവയ്ക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1) തേൻ കഴിക്കുന്നത് ചുമയ്ക്ക് നല്ലരീതിയിൽ ആശ്വാസം നൽകും. രോഗാണുക്കൾക്കെതിരെ പോരാടാനുള്ള തേനിൻറെ കഴിവാണിവിടെ സഹായകമാകുന്നത്. തൊണ്ടവേദന ലഘൂകരിക്കാനും തേൻ സഹായകമാണ്. രണ്ട് ടേബിൾ സ്പൂൺ തേൻ ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ കലർത്തി, ഇതിലേക്ക് അൽപം നാരങ്ങാനീരും കൂടെ ചേർത്ത് കഴിച്ചാൽ മതി.
2) ഇഞ്ചിയും ചുമയും ജലദോഷവും പോലുള്ള അണുബാധകളെ ചെറുക്കാൻ സഹായിക്കുന്ന ഔഷധമാണ്. ഇഞ്ചിയിലടങ്ങിയിരിക്കുന്ന ‘ജിഞ്ചറോൾ’ എന്ന ഘടകമാണിതിന് സഹായകമാകുന്നത്. ചായയിൽ ചേർത്തോ പിഴിഞ്ഞ് നീരെടുത്തോ എല്ലാം ഇഞ്ചി കഴിക്കാവുന്നതാണ്.
3) മഞ്ഞളും ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് ആശ്വാസം കണ്ടെത്താൻ സഹായിക്കുന്നൊരു ഘടകമാണ്. ഇതിലടങ്ങിയിരിക്കുന്ന ‘കുർക്കുമിൻ’ ആണ് അണുബാധകളെ ചെറുക്കുന്നത്. ഇളം ചൂടുവെള്ളത്തിൽ അൽപം മഞ്ഞൾ ചേർത്ത് കുടിക്കുകയോ അല്ലെങ്കിൽ സലാഡിൽ ചേർത്ത് കഴിക്കുകയോ ചെയ്യാ.
4) പുതിനയിലയും ചുമയ്കക്ക് ആശ്വാസത്തിനായി കഴിക്കാവുന്നതാണ്. ഇത് തൊണ്ടയിലുള്ള അസ്വസ്ഥതകളെ ലഘൂകരിക്കാനും സഹായിക്കും. പുതിനയില അധികവും ചായയിൽ ചേർത്ത് കഴിക്കുന്നതാണ് നല്ലത്. പുതിനയിൽ അടങ്ങിയിരിക്കുന്ന ‘മെന്തോൾ’ ആണ് ഇതിനെല്ലാം സഹായകമാകുന്നത്.
5) ധാരാളം ഔഷധഗുണങ്ങളുള്ളൊരു ചേരുവയാണ് വെളുത്തുള്ളി. ചുമ പോലുള്ള പ്രയാസങ്ങൾക്ക് ആശ്വാസം കണ്ടെത്തുന്നതിനും വെളുത്തുള്ളി ഏറെ സഹായകമാണ്. ഇത് വെറുതെ കടിച്ച് ചവച്ച് കഴിക്കുകയോ അല്ലെങ്കിൽ നെയ്യിൽ ചെറുതായി അരിഞ്ഞ് ചേർത്ത് ഭക്ഷണത്തിനൊപ്പം കഴിക്കുകയോ ചെയ്യാം.