പ്രണയത്തിന്റെ നിറ ഭേദങ്ങൾ ! ഹോമോ സെക്ഷ്വലിറ്റിയെ കുറിച്ച് പൊതുവേയുള്ള ചില മിത്തുകളും യാഥാര്‍ത്ഥ്യവും: ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കെ.അനിൽ കുമാർ എഴുതുന്നു

പ്രണയ വര്‍ണ്ണങ്ങള്‍

Advertisements
കെ.അനിൽ കുമാർ
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

മറ്റൊരാളോട് തോനുന്ന അടുപ്പം, വൈകാരിക അഭിനിവേശം, ലൈംഗിക ആകര്‍ഷണം ഇവയൊക്കെ ഉള്‍ച്ചേരുന്ന മനോഹരമായ അനുഭവമാണല്ലോ പ്രണയം?
അത് അത്രമേല്‍ സ്വാഭാവികവും നൈസര്‍ഗീകവുമായ ഒരു അനുഭൂതിയാണന്ന്‍ നമുക്കറിയാം.
എന്നാല്‍ പ്രണയം ആരൊക്കെ തമ്മിലാണ് ‘അനുവദനീയം’?
അപ്പൊ വരും ‘CONDITIONS APPLY’.
കാസ്റ്റ്, ക്ലാസ്, റിലീജിയന്‍ അങ്ങനെയങ്ങനെ…’
പിന്നയല്ലേ സ്വവര്‍ഗ്ഗ അനുരാഗം!
കേമായി ..”


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രണയം, വിവാഹം, ലിവിംഗ് റിലേഷന്‍ഷിപ്പ്- എന്ത് തന്നെയാണെങ്കിലും “ആണും പെണ്ണും” എന്ന ദ്വന്ത്വങ്ങള്‍ക്ക് അപ്പുറം എത്രപേര്‍ക്ക് ചിന്തിക്കാനാകും?
എന്നാല്‍ പ്രണയം അങ്ങിനെ ഏതെങ്കിലും ഒരു ‘ബൈനറിയില്‍’ മാത്രം ഒതുങ്ങുന്നതല്ലെന്നും,
ലിംഗഭേദങ്ങള്‍ക്ക് അപ്പുറമാണ് അതിന്‍റെ വ്യാപ്തിയെന്നും ശാസ്ത്രം പറയന്നു.
പെണ്ണിന് പെണ്ണിനോടോ, ആണിന് ആണിനോടോ, ഇരു ലിംഗത്തിലും പെട്ടവരോടോ ഒക്കെ പ്രണയമുണ്ടാകാം. അത് ഓരോരുത്തരുടെയും ‘സെക്ഷ്വല്‍ ഓറിയന്‍റേഷന്‍’ (Sexual orientation) അനുസരിച്ച് ആയിരിക്കുമെന്ന് മാത്രം.

പലരുടെയും നെറ്റി ചുളിയും.
സ്വലിംഗത്തിലൊ, എതിര്‍ ലിംഗത്തിലൊ, അതുമല്ലെങ്കില്‍ ഇരു ലിംഗത്തിലും  പെട്ടവരോടോ ഒരു വ്യക്തിക്ക് സ്ഥായിയായി അനുഭവപ്പെടുന്ന വൈകാരികവും ലൈംഗികവുമായ ആകര്‍ഷണമാണ് അയാളുടെ ‘സെക്ഷ്വല്‍ ഓറിയന്‍റേഷന്‍’ (Sexual orientation) എന്നു പറയുന്നത്.

ഏതാണ്ട് കൌമാര പ്രായത്തോടെയാണ് ഒരാളുടെ ‘സെക്ഷ്വല്‍ ഓറിയന്‍റേഷന്‍’ വെളിപ്പെടുന്നത്. അതിന് ഏതെങ്കിലും പൂര്‍വ്വ ലൈഗിക അനുഭവം നിര്‍ബന്ധമല്ലെന്ന് ഗവേഷണങ്ങള്‍ പറയുന്നു.
എന്നു വച്ചാൽ സ്വവര്‍ഗ ലൈംഗികത ഉള്‍പ്പടെയുള്ള സെക്ഷ്വല്‍ ഓറിയന്‍റേഷനുകള്‍ തോന്നും പോലെ തിരഞ്ഞെടുക്കുന്നതല്ലെന്ന് സാരം.
ജനിതക ശാസ്ത്രപരമായ സ്വാധീനം ഉൾപ്പടെ അതിൽ പഠന വിഷയമാണെങ്കിലും
കൃത്യമായൊരു നിഗമനത്തിലെത്താൻ ഇനിയും ആയിട്ടില്ലെന്നതാണ് വസ്തുത.
ഹെട്രോസെക്ഷ്വാലിറ്റി, ഹോമോസെക്ഷ്വാലിറ്റി, ബൈസെക്ഷ്വല്‍ലിറ്റി എന്നിങ്ങനെ പൊതുവില്‍ മൂന്നു വിഭാഗങ്ങളായി തിരിക്കുമ്പോഴും, അവയ്ക്കിടയിലും വൈവിധ്യമാര്‍ന്ന ലൈംഗീക അഭിവിന്യാസങ്ങളുടെ ഒരു തുടര്‍ച്ചതന്നെ (Continuum) ഉണ്ടെന്ന് ഗവേഷണങ്ങള്‍ പറയുന്നു.

സ്വവര്‍ഗ അനുരാഗിയായ സ്ത്രീകളെ ‘ലെസ്ബിയന്‍സ്’ (Lesbian) എന്നും പുരുഷന്മാരെ ‘ഗേ മെന്‍’ (Gay men) എന്നും, രണ്ടു ലിംഗത്തിലും പെടുന്നവരോട് ലൈംഗിക ആകര്‍ഷണമുള്ളവരെ ‘ബൈ സെക്ഷ്വല്‍സ്’ (Bisexuals) എന്നും അറിയപ്പെടുമ്പോള്‍,
പ്രണയത്തിലും ലൈംഗിക പങ്കാളിത്തത്തിലും വൈവിധ്യമാര്‍ന്ന ‘ലിംഗ സ്വത്വത്തില്‍ (Gender identity) ഉള്ളവരെ -വിശിഷ്യാ ട്രാന്‍സ്ജെന്‍റേഴ്സ് വിഭാഗത്തിലുള്ളവരെ – തുറന്ന രീതിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു വിഭാഗം ലൈംഗിക ന്യൂനപക്ഷമാണ് ‘ക്വിയര്‍’ (Queer) എന്നറിയപ്പെടുന്നത്.

വിവിധ തരം ലൈംഗീക സ്വത്വങ്ങളിൽ പെട്ടവരോട് ഒരുപോലെ ലൈഗീക ആകർഷണം തോന്നുന്നവരാണ്  ‘പാന്‍ സെക്ഷ്വല്‍സ്’ (Pansexuals or Multisexuals). 
അങ്ങിനെ വിവിധങ്ങളായ വര്‍ണ്ണരാജികളുടെ ഒരു ശ്യംഖലപോലെ വിശാലമാണ് മനുഷ്യ ലൈംഗീകതയുടെ അഭിവിന്യാസം.  

ഹോമോ സെക്ഷ്വലിറ്റിയെ കുറിച്ച് പൊതുവേയുള്ള ചില മിത്തുകളും യാഥാര്‍ത്ഥ്യവും. 

മിത്ത്: “സ്വവര്‍ഗ അനുരാഗം ഒരു മാനസിക വൈകല്യമാണ്”.
      വസ്തുത: ‘ഹെട്രോ സെക്ഷ്വാലിറ്റി’ പോലെതന്നെ മനുഷ്യ ലൈംഗികതയുടെ സ്വാഭാവികമായ ആവിഷ്കാരമാണ് സ്വവര്‍ഗ്ഗ ലൈംഗികതയും. അതിന് മാനസിക വൈകല്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന്‍ ഗവേഷണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു .

മിത്ത്: “ഹോമോ സെക്ഷ്വലിറ്റി ചികിത്സിച്ച് മാറ്റാം”.

വസ്തുത: സ്വവര്‍ഗ്ഗ ലൈംഗികത മറ്റേത് ലൈംഗികതയേയും പോലെ ‘നോര്‍മലായ’ ഒന്നാണെന്നിരിക്കെ അത് മാറ്റാനുള്ള ചികിത്സിയെന്ന ആശയം തന്നെ വിവേക ശൂന്യമാണ്. അത്തരത്തിൽ ഒരു ചികിത്സയും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.
അങ്ങനെയൊരു ചികിത്സ ആരെങ്കിലും വാഗ്ദാനം ചെയ്യുന്നെങ്കില്‍ ശുദ്ധ തട്ടിപ്പാണെന്ന് തിരിച്ചറിയുക.

മിത്ത്: “സ്വവര്‍ഗ്ഗ ലൈംഗിക പങ്കാളികളുടെ ബന്ധത്തില്‍ (same-sex relationships) സ്ഥിരതയോ കാര്യക്ഷമതയോ ഉണ്ടാവില്ല.”

വസ്തുത: സ്വവര്‍ഗ്ഗ അനുരാഗികളും തങ്ങളുടെ ബന്ധത്തില്‍ സ്ഥിരതയും പ്രതിബദ്ധതയും കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരും, ഹെട്രോ സെക്ഷ്വല്‍ റിലേഷന്‍ഷിപ്പില്‍ ഉള്ളതുപോലെ തന്നെ പങ്കാളികള്‍ പരസ്പരം പിന്തുണയും കരുതലും കാട്ടുകയും, ലക്ഷ്യങ്ങളും മൂല്യങ്ങളും പങ്കു വയ്ക്കുകയും ചെയ്യുന്നു. ബന്ധത്തിലെ സംതൃപതിയും സന്തോഷവും മറ്റുള്ളവര്‍ക്ക് സമാനമാണെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

‘ഹോമോ ഫോബിക്’ ആയ സമൂഹം:

വലിയ തോതിലുള്ള മുന്‍ വിധികളും, വേര്‍തിരിവും, അതിക്രമങ്ങളുമാണ് സമൂഹത്തില്‍ നിന്നും ലൈംഗീക ന്യൂനപക്ഷങ്ങൾ നേരിടേണ്ടി വരുന്നതെന്നത് പച്ചയായ യാഥാര്‍ത്ഥ്യമാണ്.
അത് കുടുംബങ്ങളില്‍ ഉറ്റവരില്‍ നിന്നു തന്നെ ആരംഭിക്കുന്നു. അസഭ്യ വര്‍ഷം (Verbal harassment) മുതല്‍ കൊടിയ ശാരീരിക പീഡനങ്ങള്‍ (Physical abuses) വരെയുള്ള മനുഷ്യാവകാശ ധ്വംസനങ്ങൾ അവർ നേരിടേണ്ടി വരുന്നു.
വിഷാദം ആത്മഹത്യാ പ്രവണത ഉള്‍പ്പടെയുള്ള വലിയ മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് അവ വഴിവയ്ക്കുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

“കമിംങ് ഔട്ട്” (“coming out”) ന്റെ പ്രാധാന്യം

ലൈംഗീക ന്യൂനപക്ഷമായ വ്യക്തികൾ
സ്വന്തം ‘ലൈംഗിക സ്വത്വം’ തിരിച്ചറിയുന്നത് മുതല്‍, വളരെ കുറച്ച് പേരോട് മാത്രം അത്‌ വെളിപ്പെടുത്തുകയും, പിന്നീട് പരസ്യമായി പ്രഖ്യാപിക്കാന്‍ തയ്യാറാവുകയും, തന്റെ സെക്ഷ്വാലിറ്റി പങ്കുവയ്ക്കുന്ന  ‘കമ്മ്യൂണിറ്റിയെ’ തിരിച്ചറിഞ്ഞ് അവരോട് താദാത്മ്യപ്പെടുകയും ചെയ്യുന്നതുള്‍പ്പടെ വിവധ അനുഭവതലങ്ങളെയാണ്
“കമിംങ് ഔട്ട്” എന്നു വിശേഷിപ്പിക്കുന്നത്.

എന്നാല്‍  ‘റിസ്കുകള്‍’ മുന്നില്‍ കണ്ട് പലരും സ്വന്തം സെക്ഷ്വാലിറ്റി രഹസ്യമാക്കി വയ്ക്കാന്‍ നിര്‍ബന്ധിതരാവുകയാണ് പതിവ് .

“കമിംഗ് ഔട്ട്” സ്വവര്‍ഗ അനുരാഗികളെ സംബന്ധിച്ച് വളരെ സുപ്രധാനമായ മന:ശാസ്ത്രപരമായ ഒരു ചുവടുവയ്പ്പാണ്.
സ്വന്തം സെക്ഷ്വാലിറ്റിയെ കുറിച്ച് പോസിറ്റീവായി അനുഭവപ്പെടുന്നതും, അത് ജീവിതത്തിലേക്ക് സമന്വയിപ്പിക്കുന്നതും അവരുടെ മാനസിക ആരോഗ്യത്തെയും സൌഖ്യത്തെയും (Well-being) പരിപോഷിപ്പിക്കുന്നുവെന്ന്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

സ്വന്തം ലൈംഗീകതയെ കുറിച്ച് മറ്റുള്ളവരോട് ആശയവിനിമയം ചെയ്യാൻ സാധിക്കുകയും സാമൂഹ്യ പിന്തുണ ലഭിക്കേണ്ടതും അവരുടെ മാനസിക ആരോഗ്യത്തിൽ നിർണ്ണായകമായ പങ്കാണുള്ളത്.

ഓരോ വ്യക്തിക്കും സ്വന്തം ‘സെക്ഷ്വല്‍ ഓറിയന്‍റേഷൻ’ അനുസരിച്ച് മറ്റുള്ളവരെപ്പോലെ ജീവിക്കാനുള്ള അവകാശമുണ്ടെന്ന്‍ അഗീകരിക്കുകയും
ഉൾകൊള്ളുകയും ചെയ്‌താൽ
കുറേ മനുഷ്യര്‍ക്ക് ഈ ലോകം കുറേക്കൂടി സുരക്ഷിതവും ജീവിതയോഗ്യവും ആയേക്കും.

അതിന്, മത ധാര്‍മികതയുടെ അളവുകോല്‍ വച്ചുകൊണ്ട് മറ്റുള്ളവരെ മാറ്റാൻ ശ്രമിക്കുന്നതിന് പകരം ആധുനികമായ ശാസ്ത്രാബോധത്തോടെ സ്വയം മാറാനും കൂടുതല്‍ മനുഷ്യത്വമുള്ളവരാകാനും നാം ശ്രമിക്കേണ്ടതുണ്ട്.
അങ്ങിനെ ഈ ലോകം പ്രണയത്തിന്‍റെ നാനാ വര്‍ണ്ണങ്ങളാൽ മനോഹരമാവട്ടെ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.