പാലാ : പാലാ സ്വദേശിയായ യുവതിയെ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കടത്തിക്കൊണ്ടു പോയി കെണിയിൽ കുടുക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മനുഷ്യ കടത്തിന് കേസ് എടുത്താണ് ഇടുക്കി സ്വദേശിയെ പോലീസ് പിടികൂടിയത്. ഇടുക്കി പെരുവന്താനം പാഴൂർക്കാവ് ചെറിയ കാവുങ്കൽ വീട്ടിൽ ചെല്ലപ്പൻ മകൻ മണിക്കുട്ടൻ എന്നു വിളിക്കുന്ന മനോജ് (39) ആണ് പാലാ പോലീസിൻ്റെ പിടിയിലായത്.പാലാ സ്വദേശിനിയായ യുവതിയെ 2022 ജനുവരി മാസം ഒമാനിൽ ടീച്ചർ ജോലി വാഗ്ദാനം ചെയ്താണ് ഇയാൾ വിദേശത്തേയ്ക്ക് കൊണ്ട് പോയത്.
എന്നാൽ പറഞ്ഞ ജോലി നൽകാതെ മറ്റൊരു വീട്ടിൽ നിർബന്ധിച്ച് വീട്ടുജോലിക്ക് അയക്കുകയും തിരിച്ച് നാട്ടിലേക്ക് പോരാൻ സമ്മതിക്കാതെ അവിടെ തടഞ്ഞുവയ്ക്കുകയും ചെയ്തതിനെ തുടർന്ന് യുവതിയുടെ അമ്മ പരാതി നൽകി. പാലാ പോലീസ് മനുഷ്യക്കടത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തി വരുകയുമായിരുന്നു. ഒന്നാം പ്രതിയായ മനോജ് ഒളിവിൽ പോയതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തികിൻ്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിക്ക് കോട്ടയം ഇടുക്കി പത്തനംതിട്ട തിരുവനന്തപുരം ജില്ലകളിൽ ആയി നിരവധി മോഷണക്കേസുകൾ ഉണ്ട്. കഴിഞ്ഞ ഒൻപത് വർഷമായി പാലാ ഇടപ്പാടിയിൽ ഉള്ള ഒരു വീട് വാടകയ്ക്ക് എടുത്ത് അയർക്കുന്നം സ്വദേശിയായ ഒരു സ്ത്രീയുടെ കൂടെ താമസിച്ച് വരികയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതികൾ സോഷ്യൽ മീഡിയ വഴി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകൾക്ക് സൗജന്യമായി ജോലി സംഘടിപ്പിച്ച് കൊടുക്കാമെന്ന് പറഞ്ഞ് ഫോൺ നമ്പർ കരസ്ഥമാക്കിയ ശേഷം ഒറിജിനൽ ജോബ് വിസ ആണെന്നും നല്ല ജോലി ആണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ഗൾഫിൽ ഉള്ള ഏതേലും ആളുകളുടെ വീട്ടിൽ വീട്ടുജോലിക്ക് എത്തിച്ച് അവരിൽ നിന്നും പ്രതിഫലം ഓരോ ആളുകളുടെയും പേരിൽ വാങ്ങി പ്രതികൾ മനുഷ്യക്കടത്ത് നടത്തി അമിതലാഭം ഉണ്ടാക്കുകയും ചെയ്യുന്നു. ഇവിടെ നിന്നും വിസിറ്റിങ്ങ് വിസയിൽ ആണ് ആളുകളെ കൊണ്ട് പോകുന്നത്. ഇരകളായ വ്യക്തികൾക്ക് തിരിച്ച് പോരുന്നതിന് പൈസ മുടക്കി വാങ്ങുന്ന ആളുകളുടെ ഔദാര്യം കൊണ്ട് മാത്രമേ കഴിയുകയുള്ളൂ.
കേസിലെ രണ്ടാം പ്രതിയെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. കേസിലെ മറ്റു പ്രതികളെക്കുറിച്ചും ഇനിയും കൂടുതൽ ആളുകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചു വരികയാണെന്ന് പാലാ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ കെ.പി ടോംസൺ അറിയിച്ചു. പാലാ ഡി വൈ എസ് പി എ .ജെ തോമസ് , പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ കെ.പി ടോംസൺ സബ്ബ് ഇൻസ്പെക്ടർ ഷാജി സെബാസ്റ്റ്യൻ നടരാജൻ ചെട്ടിയാർ, സിവിൽ പോലീസ് ഓഫീസർമാരായ ജസ്റ്റിൻ ജോസഫ്, രഞ്ജിത്ത് സി, ജോഷി മാത്യു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.