കൊച്ചി: ഫ്ളാറ്റിൽനിന്ന് വീണ് മരിച്ച ജീവിതപങ്കാളിയുടെ മൃതദേഹം ആശുപത്രിയിൽ നിന്ന് വിട്ടുകിട്ടാൻ യുവാവിന്റെ ഹർജി. പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ കഴിയവേ മരണപ്പെട്ടതിനാൽ ആശുപത്രി ചെലവായ 1.30 ലക്ഷം രൂപ നൽകാൻ കഴിയാത്തതിനാൽ മൃതദേഹം വിട്ടുകിട്ടുന്നില്ലെന്നാരോപിച്ചാണ് കോട്ടയം മുണ്ടക്കയം സ്വദേശിയായ യുവാവ് ഹർജി നൽകിയിരിക്കുന്നത്. ഇരുവരും സ്വവർഗപങ്കാളികളാണ്. ഹർജി ചൊവ്വാഴ്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിക്കും.
ലിവ് ഇൻ റിലേഷനിൽ ആറുവർഷമായി ഒന്നിച്ച് താമസിച്ചിരുന്ന തൻ്റെ പങ്കാളിക്ക് ഫെബ്രുവരി മൂന്നിന് പുലർച്ച ഫ്ളാറ്റിൽനിന്ന് താഴെ വീണുണ്ടായ അപകടത്തിൽ സാരമായി പരിക്കേറ്റെന്നും നാലിന് മരിച്ചെന്നുമാണ് ഹർജിയിൽ പറയുന്നത്. അപകടത്തെതുടർന്ന് ആദ്യം കളമശ്ശേരി മെഡിക്കൽ കോളജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തങ്ങളുടെ ബന്ധത്തിന് ബന്ധുക്കൾ അനുകൂലമായിരുന്നില്ല. വിവരമറിയിച്ചതിനെത്തുടർന്ന് ബന്ധുക്കൾ എത്തിയെങ്കിലും ആശുപത്രി ഫീസ് അടച്ചാൽ മാത്രമേ മൃതദേഹം ഏറ്റെടുക്കൂവെന്ന നിലപാടാണ് സ്വീകരിച്ചത്. സ്ഥിരജോലിയില്ലാത്ത തനിക്ക് ഇത്രയും തുക കണ്ടെത്താനാവില്ല. 30,000 രൂപ അടക്കാൻ തയാറാണ്. ഈ തുക കൈപ്പറ്റി മൃതദേഹം വിട്ടുനൽകാൻ നടപടിക്ക് ജില്ല കലക്ടറോട് നിർദേശിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.