കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധികളെ ഇപ്പോഴും പൂർണമായി തരണം ചെയ്യാൻ നമുക്കായിട്ടില്ല. ജനിതകവ്യതിയാനങ്ങൾ സംഭവിച്ച വൈറസ് വകഭേദങ്ങൾ രോഗവ്യാപനം തുടരുക തന്നെയാണ്. വാക്സിൻ ആശ്വാസം പകരുന്നുണ്ടെങ്കിലും വ്യത്യസ്തമായ വൈറസ് വകഭേദങ്ങൾ വാക്സിനെ പോലും ചെറുത്ത് തോൽപിച്ചാണ് ശരീരത്തിനകത്തെത്തുന്നത്. എങ്കിലും രോഗതീവ്രത കുറയ്ക്കുന്നതിന് വാക്സിൻ വലിയ രീതിയിൽ സഹായകമാകുന്നുണ്ട്. രോഗതീവ്രത കുറയുന്നത് കൊണ്ട് രോഗം ബാധിക്കപ്പെടുന്ന സമയത്ത് മാത്രമല്ല, ഇതിന് ശേഷവും ആശ്വാസം ലഭിക്കാം, അതെങ്ങനെയെന്നല്ലേ? വിശദമാക്കാം.
കൊവിഡ് 19 ബാധിക്കപ്പെട്ട ഒരു വിഭാഗം പേരിൽ രോഗസമയത്ത് കാണുന്ന പല ആരോഗ്യപ്രശ്നങ്ങളും പിന്നീട് രോഗമുക്തി നേടിയ ശേഷവും ഏറെ നാളത്തേക്ക് നീണ്ടുനിൽക്കുന്നുണ്ട്. ലോംഗ് കൊവിഡ് എന്നാണിതിനെ ഡോക്ടർമാർ വിശേഷിപ്പിക്കുന്നത്. അധികവും രോഗം തീവ്രമായി ബാധിച്ചവരിലാണ് ലോംഗ് കൊവിഡും വലിയ തോതിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്ഷീണം, ശ്വാസതടസം, മണവും രുചിയും നഷ്ടപ്പെടുന്ന അവസ്ഥ, ചിന്താശേഷിയിലും ഓർമ്മശക്തിയിലും വരുന്ന കുറവ് എന്നിങ്ങനെ പല പ്രശ്നങ്ങളും ലോംഗ് കൊവിഡിൽ കാണാം. ഇതിൽ മിക്കവരെയും ബാധിക്കുന്ന പ്രശ്നം ക്ഷീണമാണ്. നിത്യജീവിതത്തിൽ നാം നേരത്തെ സുഖകരമായി ചെയ്തുപോന്നിരുന്ന കാര്യങ്ങളൊന്നും ചെയ്യാൻ സാധിക്കാതെ വരുന്ന വിധം ക്ഷീണം അലട്ടുന്നവരുണ്ട്. ഇവർക്ക് ഇതിനെ മറികടക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
1) കൊവിഡ് ബാധയ്ക്ക് ശേഷം തളർച്ചയുണ്ടെങ്കിൽ നിങ്ങൾ ആവശ്യത്തിന് വിശ്രമം ഉറപ്പാക്കുകയാണ് ആദ്യം വേണ്ടത്. പുറത്തുനിന്ന് ശരീരത്തിലെത്തുന്ന രോഗകാരിയെ ആക്രമിച്ച് കീഴടക്കുന്നതിന്റെ ഭാഗമായാണ് ഈ തളർച്ചയുണ്ടാകുന്നത്. ഭാരപ്പെട്ട ജോലികളൊഴിവാക്കി വിശ്രമിക്കുകയും പോഷകാഹാരം കഴിക്കുകയും ചെയ്യുന്നതിലൂടെ ഈ ക്ഷീണത്തെ മറികടക്കാൻ സാധിക്കും.
2) കൊവിഡിന് ശേഷം കടുത്ത വ്യായാമങ്ങളിലേക്ക് പെട്ടെന്ന് കടക്കുന്നത് അത്ര നല്ലതല്ല. പ്രത്യേകിച്ച് ലോംഗ് കൊവിഡുള്ളവർ. ബ്രീത്തിംഗ് എക്സർസൈസ്, യോഗ എന്നിവയെല്ലാം പതിവാക്കുന്നത് കൊവിഡാനന്തര ക്ഷീണത്തെ മറികടക്കാൻ സഹായിക്കും.
3) അയൺ കാര്യമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നതും ക്ഷീണമകറ്റാൻ സഹായിക്കും. പയറുവർഗങ്ങൾ, സോയബീൻസ്, ചീര, ഓട്ട്മീൽസ്, ക്വിനോവ, വിവിധ വിത്തുൾ എന്നിവയെല്ലാം ഇതിനായി കഴിക്കാവുന്നതാണ്.
4) ഉറക്കത്തിനും ഈ ഘട്ടത്തിൽ വലിയ പ്രാധാന്യം നൽകുക. രാത്രിയിൽ നിർബന്ധമായും എട്ട് മണിക്കൂർ തുടർച്ചയായി ഉറങ്ങുക. സുഖകരമായ ഉറക്കവും കൊവിഡ് അനുബന്ധ പ്രശ്നങ്ങളെ ലഘൂകരിക്കാൻ സഹായിക്കും. ആകെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നല്ല ഉറക്കം സഹായിക്കും.