കൊലയില്‍ നേരിട്ടോ അല്ലാതെയോ പങ്കില്ല, എല്ലാം പൊലീസ് കെട്ടിച്ചമച്ച കഥകളെന്ന് ലൈല; ജാമ്യ ഹർജിയിൽ വിധി ഇന്ന്

പത്തനംതിട്ട: ഇലന്തൂർ ഇരട്ട നരബലി കേസിലെ മൂന്നാം പ്രതി ലൈല ഭഗവൽ സിംഗ് നൽകിയ ജാമ്യ ഹർജിയിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. കൊലപാതകത്തിൽ തനിക്ക് നേരിട്ടോ അല്ലാതയോ പങ്കില്ലെന്നും പൊലീസ് കെട്ടിച്ചമച്ചതാണ് കഥകളെന്നും ഹർജിയിൽ ലൈല വ്യക്തമാക്കുന്നു. പത്മ കേസിൽ 12 ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്തെന്നും ഇനി കസ്റ്റഡി ആവശ്യമില്ലാത്ത സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നും ലൈല കോടതിയെ അറിയിച്ചിട്ടുണ്ട്.
നിലവിൽ റോസലിന്‍ കൊലക്കേസിൽ കാലടി പൊലീസ് കസ്റ്റഡിയിൽ ആണ് ലൈല. അന്വേഷണം പൂർത്തിയാക്കാത്ത സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻ നിലപാട്. ഒക്ടോബർ 11 നാണ് നരബലി കേസിൽ പ്രതികൾ പിടിയിൽ ആയത്. അതേസമയം, ഇരട്ട നരബലി കേസിൽ മൂന്ന് പ്രതികളേയും വീണ്ടും ഇലന്തൂരിലെ വീട്ടിലെത്തിച്ച് ഇന്നലെ തെളിവെടുത്തു. നരബലിക്ക് ഇരകളായ രണ്ട് സ്ത്രീകളിലൊരാളായ റോസ്‌ലിനെ കൊല്ലാൻ ഉപയോഗിച്ച രണ്ട് കത്തികൾ വീട്ടിലെ അടുക്കളയിൽ നിന്ന് കണ്ടെടുത്തു.
ഇലന്തൂർ ജംഗ്ഷനിലെ പണമിടപാട് സ്ഥാപനത്തിൽ പ്രതികളിലൊരാളായ ഭഗവൽ സിംഗ് പണയം വെച്ച റോസ്‍ലിന്‍റെ മോതിരവും കണ്ടെത്തി. ഏഴ് മില്ലി ഗ്രാം തൂക്കമുള്ള മോതിരമാണ് ഭഗവത് സിങ്ങ് ഇവിടെ പണയം വെച്ചിരുന്നത്. രാവിലെ പത്തരയ്ക്കാണ് ഷാഫിയേയും ഭഗവത് സിങ്ങിനേയും ലൈലയേയും സംഭവം നടന്ന വീട്ടിലെത്തിച്ചത്. മൃതദേഹം കുഴിച്ചിട്ട സ്ഥലത്തും വീടിനകത്തും പരിശോധന നടന്നു.
ഫൊറൻസിക് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. ഇതിനിടെ ഇരട്ട നരബലിക്കിരയായ പത്മയുടെ കുടുംബം വീണ്ടും സർക്കാരിനെതിരെ രംഗത്തെത്തി. പത്മയുടെ മൃതദേഹം എപ്പോൾ വിട്ടുകിട്ടുമെന്ന് ആരും അറിയിക്കുന്നില്ലെന്ന് കുടുംബം ആരോപിച്ചു. സർക്കാരിൽ നിന്ന് ഒരു സഹായവും കിട്ടുന്നില്ല. ഒരു ഫോൺകോൾ പോലും ഇതുവരെ ലഭിച്ചിട്ടില്ല. ദിവസവും പൊലീസ് സ്റ്റേഷൻ കയറിയിറങ്ങുകയാണെന്നും പത്മയുടെ മകൻ സെൽവരാജ് പറഞ്ഞു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.