തിരുവനന്തപുരം : ഐ.എ.എസ് തലത്തില്‍ വൻ അഴിച്ചുപണിയുമായി സംസ്ഥാന സർക്കാർ . 15 ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചു. തുറമുഖ സെക്രട്ടറി കെ. ബിജുവിനെ മരാമത്ത് സെക്രട്ടറിയായും പാലക്കാട് കലക്ടര്‍ ജോഷി മൃണ്മയി ഷഷാങ്കിനെ ദേശീയാരോഗ്യ ദൗത്യം ഡയറക്ടറായും നിയമിച്ചു.ആരോഗ്യവകുപ്പ് ജോ. സെക്രട്ടറി ഡോ. എസ്. ചിത്രയാണ് പുതിയ പാലക്കാട് കലക്ടര്‍.
സാംസ്കാരിക പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജിനെ സാമൂഹിക നീതി വകുപ്പിലേക്ക് മാറ്റി. കാര്‍ഷിക സെക്രട്ടറി ഡോ. ബി. അശോകിന് കാര്‍ഷികകോല്‍പാദന കമീഷണറുടെ അധിക ചുമതല. കേന്ദ്ര ഡെപ്യൂട്ടേഷന് കഴിഞ്ഞെത്തുന്ന അശോക് കുമാര്‍ സിങ്ങാണ് ജലവിഭവ വകുപ്പ് സെക്രട്ടറി. കോസ്റ്റല്‍ ഷിപ്പിങ്, ഇന്‍ലാന്‍ഡ് നാവിഗേഷന്‍ എന്നിവയുടെയും ജലസേചന അടിസ്ഥാന സൗകര്യ വികസന കോര്പറേഷന് എം.ഡിയുടെയും അധിക ചുമതലയും നല്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സഹകരണ സെക്രട്ടറി മിനി ആന്റണി സംസ്കാരിക വകുപ്പിന്റെ അധിക ചുമതല വഹിക്കും. ജലവിഭവ സെക്രട്ടറി പ്രണബ് ജ്യോതിനാഥിനെ കായിക-യുവജനക്ഷേമ സെക്രട്ടറിയാക്കി. നിലവിലെ സെക്രട്ടറി എം. ശിവശങ്കര്‍ ജനുവരി 31ന് വിരമിക്കുന്ന ഒഴിവിലാണിത്. മൃഗസംരക്ഷണം, ക്ഷീര വികസനം, മ്യൂസിയം, തുറമുഖ വകുപ്പുകളുടെ അധിക ചുമതലയും പ്രണബ് ജ്യോതിനാഥിന് നല്കി.
മരാമത്ത് സെക്രട്ടറി അജിത്കുമാറിനെ തൊഴില്‍ സെക്രട്ടറിയാക്കി. സൈനിക ക്ഷേമ അധിക ചുമതല കൂടി നല്കി. തലസ്ഥാന വികസനം -2 പദ്ധതിയുടെ ചുമതല തുടരും. ഗ്രാമ വികസന കമീഷണര്‍ എം.ജി. രാജമാണിക്യത്തിന് റവന്യൂ (ദേവസ്വം) വിന്റെ അധിക ചുമതല കൂടി നല്കി. സര്‍വേ ഡയറക്ടര്‍ ശ്രീറാം സാംബവ റാവുവിനെ മരാമത്ത് ജോ. സെക്രട്ടറിയുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കി.
ദേശീയാരോഗ്യ ദൗത്യം ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനെ വിഴിഞ്ഞം തുറമുഖ കമ്പനി എം.ഡിയായി നിയമിച്ചു. കാര്‍ഷിക-കര്‍ഷക ക്ഷേമ ഡയറക്ടര്‍ ടി.വി. സുഭാഷിനെ പട്ടികജാതി വകുപ്പ് ഡയറക്ടറാക്കി. ഐ.ടി മിഷന് ഡയറക്ടര്‍ സ്നേഹില്‍കുമാര്‍ സിങ്ങിന് ഇ-ഹെല്‍ത്ത് പ്രോജക്ട് ഡയറക്ടറുടെ അധിക ചുമതല നല്കി. പട്ടിക ജാതി ഡയറക്ടര്‍ കെ.എസ്. അഞ്ജുവാണ് കാര്‍ഷിക ഡയറക്ടര്‍.