ഈരാറ്റുപേട്ട: സൗന്ദര്യത്തിന്റെ വൈവിധ്യം നിറഞ്ഞ ഇലവീഴാപൂഞ്ചിറയെ ഒരു രീതിയിലും വൃത്തികേടാക്കരുതെന്ന് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ്. മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ ഭാഗമായി നടത്തിയ ശുചീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. ശുചീകരണത്തിൽ ഒരു പിക്കപ്പ് വാൻ നിറയെ നൂറുകണക്കിന് പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിച്ച് പുനരുപയോഗത്തിന് കൈമാറി. ഡിടിപിസി നിയന്ത്രണത്തിലുള്ള സ്ഥലത്ത് വേസ്റ്റ് കളക്ഷൻ ബിന്നുകൾ സ്ഥാപിച്ചിട്ടില്ലാത്തത് മൂലം പ്ലാസ്റ്റിക് മാലിന്യങ്ങൾ കുമിഞ്ഞ നിലയിലായിരുന്നു.
മേലുകാവ് ഗ്രാമ പഞ്ചായത്തിന്റെയും എസ് ബി ഐ ഈരാറ്റുപേട്ട ശാഖയുടെയും സഹകരണത്തോടെയായിരുന്നു ശുചീകരണം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഹരിത കർമ സേന അംഗങ്ങളും ഉൾപ്പെട്ട 75 പേർ അടങ്ങിയ സംഘം നേതൃത്വം നൽകി. മേലുകാവ് പഞ്ചായത്ത് പ്രസിഡൻ്റ് ജോസുകുട്ടി ജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ജോസ്, ബ്ലോക്ക് ഡിവിഷൻ അംഗങ്ങളായ ബി അജിത് കുമാർ, ജെറ്റോ ജോസ് എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് ജില്ലാ അസി. ഡയറക്ടർ കെ ബാബുരാജ്, മേലുകാവ് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ അഭിലാഷ്, ജോയിന്റ് ബിഡിഒ മാർ, എന്നിവർ നേതൃത്വം നൽകി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, വിഇഒ മാർ, ഹരിത കർമ സേന അംഗങ്ങൾ, ആശാ പ്രവർത്തകർ, മേറ്റുമാർ, നാട്ടുകാർ തുടങ്ങിയവർ ശുചീകരണത്തിൽ പങ്കെടുത്തു.