കോട്ടയം: പോളിസി കാലയളവിൽ ചരിഞ്ഞ ആനയ്ക്ക് ഇൻഷുറൻസ് പരിരക്ഷ നിഷേധിച്ചുവെന്ന പരാതിയിൽ 4,50,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. പാലാ പ്ലാശ്ശനാൽ സ്വദേശി ബെന്നി ആന്റണിയുടെ പരാതിയിലാണ് ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് കമ്മിഷൻ ഉത്തരവിട്ടത്. ബെന്നിയുടെ അനിൽ ബാബു എന്ന ആന 2021 നവംബറിലാണ് ചരിഞ്ഞത്. ഈ കാലയളവിൽ ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയുടെ ഏറ്റുമാനൂർ ശാഖ വഴി 5,00,000 രൂപയുടെ എലഫെന്റ് ഇൻഷുറൻസ് സ്‌കീമിൽ ആനയ്ക്കു പരിരക്ഷയുണ്ടായിരുന്നു. എന്നാൽ ക്‌ളെയിമിനായി ഇൻഷുറൻസ് കമ്പനിയെ സമീപിച്ചപ്പോൾ തടസവാദങ്ങൾ ഉയർത്തി നിഷേധിച്ചു. ഇതേത്തുടുർന്നാണു ബെന്നി ആന്റണി കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനെ സമീപിച്ചു പരാതി നൽകിയത്.
പരാതിക്കാരന് ഇൻഷുറൻസ് ക്ലെയിം സമയത്ത് നൽകാതിരുന്നത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന് എതിരാണെന്നും ഇത് സേവന ന്യൂനതയാണെന്നും കണ്ടെത്തിയ അഡ്വ വി.എസ്. മനുലാൽ പ്രസിഡന്റും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായ കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ നഷ്ടപരിഹാരത്തിന് ഉത്തരവിടുകയായിരുന്നു.