വാഷിങ്ടൺ: ഇന്ത്യക്കുനേരെ വീണ്ടും തീരുവഭീഷണി ഉയർത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യക്കു മേൽ ചുമത്തിയ തീരുവ ഉയർത്തുമെന്ന് തന്റെ സാമൂഹികമാധ്യമമായ സോഷ്യലിൽ അദ്ദേഹം വ്യക്തമാക്കി. റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാണിച്ചാണ് യുഎസ് പ്രസിഡന്റിന്റെ നീക്കം.
ഇന്ത്യ, വലിയ അളവിൽ റഷ്യൻ എണ്ണ വാങ്ങുക മാത്രമല്ല, അങ്ങനെ വാങ്ങുന്നതിൽ ഏറിയ പങ്കും ഉയർന്ന ലാഭത്തിന് പൊതുവിപണിയിൽ വിൽക്കുകയും ചെയ്യുന്നു. യുക്രൈനിൽ എത്രയാളുകൾ റഷ്യകാരണം കൊല്ലപ്പെടുന്നു എന്നതിനെ കുറിച്ച് അവർക്ക് ആശങ്കയില്ല. അതിനാൽ ഇന്ത്യ, യുഎസ്എയ്ക്ക് നൽകേണ്ടുന്ന തീരുവ ഞാൻ ഉയർത്തും, ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജൂലായ് 30-ന് ആണ് ഇന്ത്യയിൽനിന്ന് യുഎസിലേക്ക് കയറ്റിയയയ്ക്കുന്ന ചരക്കുകൾക്ക് 25 ശതമാനം തീരുവ ചുമത്തിക്കൊണ്ടുള്ള ട്രംപിൻറെ പ്രഖ്യാപനമുണ്ടായത്. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെപേരിൽ ഇന്ത്യക്ക് പിഴച്ചുങ്കം ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുമായുള്ള വ്യാപാരത്തിലെ തടസ്സങ്ങളും റഷ്യയിൽനിന്ന് ഇന്ത്യ വലിയതോതിൽ എണ്ണയും സൈനികോപകരണങ്ങളും വാങ്ങുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
യുക്രൈനിലെ കൂട്ടക്കൊല നിർത്താൻ എല്ലാവരുമാവശ്യപ്പെടുന്ന സാഹചര്യത്തിൽപ്പോലും റഷ്യയിൽനിന്ന് ഇന്ത്യ കൂടുതൽ ഇന്ധനം വാങ്ങിക്കൊണ്ടിരിക്കുന്നെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. ”ഇന്ത്യ സുഹൃത്താണെന്നതു ശരിയാണ്. എന്നാൽ, വർഷങ്ങളായി വളരെക്കുറച്ചു വ്യാപാരം മാത്രമാണ് നടന്നിട്ടുള്ളത്. ഇന്ത്യയുടെ ഉയർന്ന തീരുവയാണ് പ്രധാന തടസ്സം. ലോകത്തിൽ ഏറ്റവും ഉയർന്ന തീരുവയാണ് ഇന്ത്യയുടേത്” -ട്രംപ് പറഞ്ഞു.
ചർച്ചയിലൂടെ യുഎസുമായി വ്യാപാരക്കരാറുണ്ടാക്കിയാൽ തീരുവയിളവ് എന്നതായിരുന്നു ട്രംപിന്റെ നിലപാട്. ഈ സാഹചര്യത്തിൽ ഇന്ത്യയും യുഎസും വ്യാപാരച്ചർച്ച ഊർജിതമാക്കിയിരുന്നു. എന്നാൽ, ക്ഷീര, കാർഷിക വിപണികൾ യുഎസിനു തുറന്നുനൽകുന്നതിന് ഇന്ത്യ വിസമ്മതിച്ചതോടെ ചർച്ച പ്രതിസന്ധിയിലായിരുന്നു. ഇതേത്തുടർന്നാണ് തീരുവ ഉയർത്തിക്കൊണ്ടുള്ള ട്രംപിൻറെ പ്രഖ്യാപനം.
ആണവായുധ വാചകമടിയുമായി ട്രമ്പ്; കരുതിയിരിക്കണമെന്ന് റഷ്യ
ആണവായുധത്തെക്കുറിച്ചുള്ള ട്രംപിന്റെ വാചകമടിയിൽ എല്ലാവരും ജാഗരൂകരായിരിക്കണമെന്ന് റഷ്യ. രണ്ട് ആണവ അന്തർവാഹിനികൾ ഉചിതമായ മേഖലകളിൽ വിന്യസിക്കാൻ ഉത്തരവിട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ റഷ്യൻ വക്താവ് ദിമിത്രി പെസ്‌കോവിൻറെ പ്രതികരണം.
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും റഷ്യയുടെ മുൻ പ്രസിഡന്റ് ദിമിത്രി മെദ്വെദേവും തമ്മിലുണ്ടായ വാക്‌പോരിന് പിന്നാലെയാണ് യുഎസ് പ്രസിഡന്റിന്റെ പ്രസ്താവനയുണ്ടായത്. മുൻ പ്രസിഡന്റ് ആയിരുന്ന മെദ്വെദേവ്, നിലവിൽ റഷ്യയുടെ സുരക്ഷാ കൗൺസിലിന്റെ ഡെപ്യൂട്ടി ചെയർമാനാണ്. യുക്രൈനിൽ വെടിനിർത്തൽ കരാറിലേക്ക് എത്തിച്ചേരാൻ റഷ്യയ്ക്ക് മുന്നിലുള്ളത് വെറും പത്തുദിവസം മാത്രമാണെന്നും അല്ലാത്തപക്ഷം തീരുവനടപടികൾ നേരിടേണ്ടിവരുമെന്നും ട്രംപ് പറഞ്ഞതാണ് വാക്‌പോരിന് തുടക്കമിട്ടത്.
എന്നാൽ, റഷ്യക്ക് സോവിയറ്റ് കാലം മുതലുള്ള ആണവശേഷിയുണ്ടെന്നും അത് ട്രംപ് മറക്കരുതെന്നുമായിരുന്നു മെദ്വെദേവിന്റെ പ്രതികരണം. ഇതോടെ വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണമെന്ന് മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തി. ഇതിന് പിന്നാലെയാണ് രണ്ട് ആണവ അന്തർവാഹിനികൾ ഉചിതമായ മേഖലകളിൽ വിന്യസിക്കാൻ ഉത്തരവിട്ടതായി ട്രംപ് പ്രഖ്യാപിച്ചത്. ട്രൂത്ത് സോഷ്യലിൽ കൂടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മെദ്വെദേവിന്റെ പ്രസ്താവന ബുദ്ധിശൂന്യവും അതിവൈകാരികവുമാണ്. അതിനുള്ള മറുപടി എന്ന നിലയ്ക്കാണ് തന്റെ നടപടിയെന്നും ട്രംപ് ട്രൂത്തിൽ കുറിച്ചിരുന്നു.
‘അമേരിക്കൻ അന്തർവാഹിനികൾ ഇതിനകംതന്നെ യുദ്ധദൗത്യത്തിലാണെന്ന് വ്യക്തമാണ്. ഇതൊരു തുടർച്ചയായ പ്രക്രിയയാണ്’, പെസ്‌കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത്തരം വിവാദവിഷയങ്ങളിൽ ഇടപെടാൻ താത്പര്യമില്ലെന്നും പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീർച്ചയായും ആണവായുധ വാചകമടിയിൽ എല്ലാവരും അതീവ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആണവസംഘർഷത്തിലേയ്ക്ക് നീങ്ങുന്നതിൻറെ സൂചനയായി ട്രംപിന്റെ പ്രസ്താവനയെ തങ്ങൾ കാണുന്നില്ലെന്നും പെസ്‌കോവ് പറഞ്ഞു. പലരും വിഷയം വൈകാരികമായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.