കോട്ടയം : മൂന്ന് പതിറ്റാണ്ടിലേറെയായി നിർമ്മാണം മുടങ്ങി കിടക്കുന്ന തൃപ്പൂണിത്തുറ ബൈപ്പാസുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ പരിഹി രിക്കാൻ സത്വര നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ഗരി ഉറപ്പ് നൽകിയതായി ഫ്രാൻസിസ് ജോർജ് എം.പി.അറിയിച്ചു.
റോഡ് നിർമ്മാണത്തിലെ അനിശ്ചിതത്വം സംബന്ധിച്ച് കേന്ദ്ര മന്ത്രിക്ക് നിവേദനം സമർപ്പിച്ചതിന് ശേഷം നടത്തിയ ചർച്ചയെ തുടർന്നാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ദേശീയപാതാ അതോറിറ്റി ബോർഡ് മെമ്പർ വെങ്കിട്ടരമണനെ മന്ത്രി ചുമതലപ്പെടുത്തിയതായി ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു.
വി.പി.സിംഗ് പ്രധാനമന്ത്രി ആയിരുന്ന കാലത്ത് ആരംഭിച്ച പദ്ധതി ആയിരുന്നു ഇത്. രണ്ട് ഘട്ടമായിട്ടാണ് ഇതിൻ്റെ നിർമ്മാണ രൂപരേഖ തയ്യാറാക്കിയത്. ആദ്യഘട്ടം മറ്റക്കുഴി മുതൽ തിരുവാങ്കുളം റയിൽവേ ലൈൻ വരെയും രണ്ടാം ഘട്ടം തിരുവാങ്കുളം റയിൽവേ ലൈൻ മുതൽ കുണ്ടന്നൂർ വരെയും ആയിരുന്നു.
ഒന്നാം ഘട്ടം നിർമ്മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നോട്ടിഫിക്കേഷൻ 2007 ൽ പുറപ്പെടുവിച്ചു. തിരുവാണിയൂരിലെ 219 ഉം തിരുവാങ്കുളത്തെ 67 കുടംബങ്ങളെ യും ബാധിക്കുന്ന വിധത്തിലായിരുന്നു റോഡ് അലൈൻമെൻ്റ് നിശ്ചയിച്ചത്. ഈ അലൈൻമെൻ്റ് അനുസരിച്ച് 16 ഹെക്ടർർ സ്ഥലം ഏറ്റെടുക്കുന്നതിനായി സർക്കാർ നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുകയും അതിർത്തികളിൽ കല്ലുകൾ സ്ഥാപിക്കുകയും ചെയ്തു. ഇതിലെ 4 ഏക്കർ സ്ഥലത്തിൻ്റെ ഉടമകൾക്ക് പണം നൽകുകയും ചെയ്തു. തുടർന്ന് നടപടികൾ ഒന്നും ഉണ്ടായില്ല. പണികൾ അനിശ്ചിതത്വത്തിൽ ആയതിനാൽ സ്ഥല ഉടമകളായ കുടുംബങ്ങൾ പ്രയാസത്തിലായി . സ്ഥലത്തിൻ്റെ വിലയും കിട്ടിയില്ല എന്നതിനേക്കൾ ഉപരി സ്ഥലം മറ്റാളുകൾക്ക് വിൽപന നടത്താനോ, സ്ഥലം ഗാരന്റി നൽകി ബാങ്കുകളിൽ നിന്ന് ലോൺ എടുക്കാനോ, സ്വന്തം സ്ഥലത്ത് കെട്ടിടം നിർമ്മിക്കാനോ എന്നിങ്ങനെയുള്ള കാര്യങ്ങൾ ഒന്നും ചെയ്യാൻ പാടില്ലാത്ത അവസ്ഥ സംജാതമായി.
ഇതിനിടയിൽ ദേശീയ പാതാ അതോറിറ്റി പഴയ 89 ഉം പുതിയ 85 ആയ ദേശീയ പാതയെ കൊച്ചി – തേനി ഗ്രീൻഫീൽഡ് ഹൈവേ ആയി പ്രഖ്യാപിച്ചു.
പുതിയ പാതക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിൽ നേരത്തെ ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ച തൃപ്പൂണിത്തുറ ബൈപാസിനായി നിർദ്ദേശിച്ചിരുന്ന സ്ഥലങ്ങളെ ഉൾപ്പെടുത്തിയിട്ടില്ല. ഇത് ഈ പ്രദേശത്തെ ജനങ്ങളെ വീണ്ടും ആശങ്കയിലാക്കിയിരിക്കുകയാണ്. പുതിയതായി കൊച്ചി -തേനി ഗ്രീൻഫീൽഡ് ഹൈവേക്ക് വേണ്ടി ഏറ്റടുക്കുന്ന സ്ഥലവും നേരത്തെ ബൈപ്പാസിനായി കല്ലിട്ട റോഡും തമ്മിൽ 200 അടിയിൽ താഴെയെ അകലമുള്ളു എന്ന് ഫ്രാൻസിസ് ജോർജ് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
വളരെ അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന ബൈപാസിൻ്റെ സ്ഥലം ഏറ്റെടുത്താൽ ദേശീയപാതാ അതോറിറ്റിക്ക് വലിയ സാമ്പത്തിക ലാഭം ഉണ്ടാകുകയും 286 ൽപരം കുടുംബങ്ങളുടെ പ്രയാസം പരിഹരിക്കുകയും ചെയ്യും. ആകെയുള്ള 16 ഹെക്ടറിൽ 4 ഹെക്ടറിൻ്റെ വില നേരത്തെ കൊടുത്തിട്ടുള്ളതുമാണ്. ഇത് മുഖ്യമായും പരിഗണിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്രാൻസിസ് ജോർജ് എം.പി മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ
1.നേരത്തെ ഏറ്റെടുത്ത 16 ഹെക്ടർ (പണം കൊടുത്ത 4 ഹെക്ടർ ഉൾപ്പെടെ) അങ്കമാലി – കുണ്ടന്നൂർ ബൈപാസ് ആയി അല്ലങ്കിൽ ഇടനാഴി ആയി വികസിപ്പിക്കുക.
2.മറ്റക്കുഴിയിൽ നിന്ന് കാവലേശ്വരത്തേക്ക് റോഡ് നിർമ്മിക്കുക
3.ചോറ്റാനിക്കര അമ്പലം,കരിങ്ങാച്ചിറ,കുരീക്കാട് റയിൽവേ എന്നിവയുമായി ബന്ധിപ്പിക്കുക.
റോഡിന് സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി പ്രയാസം അനുഭവിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര മന്ത്രിയുടെ ഇടപെടലിലൂടെ സാധിക്കുമെന്ന് ഫ്രാൻസിസ് ജോർജ് പ്രത്യാശ പ്രകടിപ്പിച്ചു.