കോട്ടയം: ഇന്ത്യൻ ഇക്കണോമിക്‌സ് പരീക്ഷയിൽ വിജയിച്ച അൽ ജമീലയ്ക്ക് അഭിനന്ദനവുമായി മന്ത്രി റോഷി അഗസ്റ്റിൻ. കറുകച്ചാൽ സ്വദേശിനിയായ അൽ ജമീല നിലവിൽ താമസിക്കുന്ന അതിരമ്പുഴയിലെ വീട്ടിലെത്തിയാണ് മന്ത്രി റോഷി അഗസ്റ്റിൻ അൽ ജമീലയെ അഭിനന്ദിച്ചത്. പഠന കാര്യങ്ങളും വിശദാംശങ്ങളും അന്വേഷിച്ച മന്ത്രി റോഷി അഗസ്റ്റിൻ ഭാവിയ്ക്ക് വേണ്ട മാർഗനിർദേശങ്ങളും ഒപ്പം അഭിനന്ദവും നൽകുകയും ചെയ്തു. കഴിഞ്ഞ ഡിസംബറിൽ റാങ്ക് പട്ടികയിൽ ഇടം പിടിച്ച ശേഷം ആദ്യമായാണ് അൽ ജമീല ജന്മനാട്ടിൽ എത്തുന്നത്. കറുകച്ചാലിലെ വീടിന്റെ അറ്റകുറ്റപണി നടക്കുന്നതിനാലാണ് ഇപ്പോൾ അതിരമ്പുഴയിൽ താമസിക്കുന്നത്.
മന്ത്രിയ്‌ക്കൊപ്പം കേരള കോൺഗ്രസ് എം മീഡിയ കോ ഓർഡിനേറ്റർ വിജി എം.തോമസും വീട്ടിൽ എത്തിയിരുന്നു.
ഇന്ത്യൻ എക്കണോമിക് സർവീസ് പരീക്ഷയിൽ 12 ആം റാങ്ക് ആണ് അൽ ജമീല സ്വന്തമാക്കിയിരിക്കുന്നത്. കോട്ടയം നെടുംകുന്നം സ്വദേശിയായ അൽ ജമീല പന്ത്രണ്ടാം ക്ലാസിനു ശേഷം ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ എം എ എക്കണോമിക്‌സ് ഇന്റർഗ്രറ്റഡ് പ്രോഗ്രാമിനാണ് ചേർന്നത്. അവിടെ മൂന്നുവർഷത്തെ പഠനത്തിനു ശേഷം ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിലേക്ക് ചുവട്മാറ്റി. സെന്റർ ഫോർ എക്കണോമിക് സ്റ്റഡീസ് ആൻഡ് പ്ലാനിങ്ങിലെ എം എ പഠനകാലത്ത് ആദ്യ ശ്രമത്തിൽ തന്നെ ജെ ആർ എഫ് ഫെലോഷിപ്പും ഗേറ്റും നേടി. 2022ൽ എം എ പൂർത്തിയാക്കിയതിന് പിന്നാലെ ജെഎൻയുവിൽ തന്നെ പിഎച്ച്ഡിക്ക് ചേർന്നു പിജി കഴിഞ്ഞ സമയത്ത് ഐ ഇ എസ് പരീക്ഷയ്ക്കുള്ള കോച്ചിങ്ങിന് പോയിരുന്നെങ്കിലും പി എച്ച് ഡി പഠനം ആരംഭിച്ചതോടെ ഇത് ഒഴിവാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പി എച്ച് ഡി തിരക്കുകൾ കാരണം പരീക്ഷയും എഴുതിയില്ല. പിഎച്ച്ഡി കോഴ്‌സസ് വർക്കുകളും പ്രാഥമിക റിപ്പോർട്ടുകളും പൂർത്തിയായതോടെയാണ് ഇക്കൊല്ലം ഐ ഇ എസ് പരീക്ഷയ്ക്കുള്ള ഒരുക്കം തുടങ്ങിയത് മാർച്ച് മുതൽ സജീവമായ തയ്യാറെടുപ്പ് ഒപ്പം പി എച്ച് ഡി യുടെ ജോലികളും ഏറെ സമ്മർദം നിറഞ്ഞ ദിവസങ്ങളായിരുന്നെങ്കിലും ആദ്യ ശ്രമത്തിൽ തന്നെ റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്തിന്റെ സന്തോഷത്തിലാണ് അൽ ജമീല. അമ്മ അജിത സലാം സി.എ ജി.എസ്.ടി വകുപ്പ് പൊൻകുന്നം ഓഫിസിൽ ഡെപ്യൂട്ടി കമ്മിഷണറാണ്. രാജ്യത്തെ ധനകാര്യ മന്ത്രാലയത്തിൽ അടക്കം വിവിധ പദ്ധതികൾ തയ്യാറാക്കുന്നതും, ധനകാര്യ മന്ത്രിയുടെ ഓഫിസ് പ്രവർത്തനങ്ങളും അടക്കം നടത്തുന്നത് ഇന്ത്യൻ ഇക്കണോമിക്‌സ് സർവീസിലെ ഉദ്യോഗസ്ഥരാണ്. രാജ്യ തലസ്ഥാനം ആയിരിക്കും പ്രധാന പ്രവർത്തന മേഖല. ഇത് കൂടാതെ ലോക ബാങ്കിലും, ഐഎംഎഫിലും അടക്കം ഇവർക്ക് പ്രവർത്തിക്കാൻ സാധിക്കും.