‘പന്തിനെ’ പല തവണ താഴെയിട്ട പാക്കിസ്ഥാന് തോൽവി ! എറിഞ്ഞ് വീഴ്ത്തിയത് ബുംറയും പോരാളികളും 

ന്യൂയോർക്ക് : ‘പന്തിനെ’ പലതവണ താഴെയിട്ട പാക്കിസ്ഥാനെ എറിഞ്ഞിട്ട് ടീം ഇന്ത്യ. ഇന്ത്യൻ ബാറ്റിങ്ങിലെ ടോപ് സ്കോററായ റിഷഭ് പന്തിൻ്റെ ക്യാച്ച് നാല് തവണയാണ് പാക്കിസ്ഥാൻ ഫീൽഡർമാർ താഴെയിട്ടത്. 31 പന്തിൽ 42 റൺ എടുത്ത പന്തിന്റെയും , ഇന്ത്യൻ ബൗളർമാരുടെയും മികവിലാണ് ഇന്ത്യ ആറ് റണ്ണിന് വിജയിച്ചത്. പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിലെ വിജയത്തോടെ ഇന്ത്യ സൂപ്പർ എട്ട് സാധ്യതകൾ സജീവമാക്കി. 

Advertisements

സ്കോർ – ഇന്ത്യ – 120/10 പാക്കിസ്ഥാൻ – 113/7


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി റിഷഭ് പന്ത് 42(31), അക്‌സര്‍ പട്ടേല്‍ 20(18), രോഹിത് ശര്‍മ്മ 13(12) എന്നിവരൊഴികെ ഒരാള്‍ പോലും രണ്ടക്കം കാണാതെ പുറത്തായത് ഇന്ത്യക്ക് വിനയായി. മഴ കാരണം വൈകിയാണ് മത്സരം ആരംഭിച്ചത്. ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ ആദ്യ ഓവര്‍ പിന്നിട്ടതിന് പിന്നാലെ വീണ്ടും വില്ലനായി മഴയെത്തി. 10 ഓവറില്‍ 89ന് മൂന്ന് എന്ന ശക്തമായ. നിലയില്‍ നിന്ന ശേഷമാണ് 30 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോള്‍ ഇന്ത്യക്ക് അവശേഷിച്ച ഏഴ് വിക്കറ്റുകള്‍ നഷ്ടമായത്.

ടോസ് നേടിയ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യ ഓവറില്‍ ഷഹീന്‍ ഷാ അഫ്രീദിയെ സിക്‌സറിന് പറത്തി രോഹിത് ശര്‍മ്മ നയം വ്യക്തമാക്കി. മഴയ്ക്ക് ശേഷം ആദ്യ ഓവറിലെ നസീം ഷായുടെ ആദ്യ പന്തില്‍ ബൗണ്ടറി നേടി കൊഹ്ലി പ്രതീക്ഷ നല്‍കി. എന്നാല്‍ അതേ ഓവറിലെ മൂന്നാം പന്തില്‍ ഉസ്മാന്‍ ഖാന് ക്യാച്ച്‌ നല്‍കി വിരാട് മടങ്ങി 4(3).

മൂന്നാമനായി എത്തിയ റിഷഭ് പന്തും പോഹിത് ശര്‍മ്മയും ടീമിനെ മുന്നോട്ട് നയിക്കുമെന്ന് തോന്നിച്ചെങ്കിലും അഫ്രീദിയെ സിക്‌സറിന് പറത്താനുള്ള രോഹിത്തിന്റെ ശ്രമം സ്‌ക്വയര്‍ ലെഗ് ബൗണ്ടറിയില്‍ ഹാരിസ് റൗഫിന്റെ കൈകളില്‍ ഒതുങ്ങി. സൂര്യകുമാര്‍ യാദവിന് പകരം നാലാമനായി ക്രീസില്‍ എത്തിയത് ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം കിട്ടിയ അക്‌സര്‍ പട്ടേല്‍. നസീം ഷായുടെ പന്തില്‍ അക്‌സര്‍ പുറത്തായെങ്കിലും ഒരറ്റത്ത് റിഷഭ് പന്ത് നന്നായി ബാറ്റ് ചെയ്തത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കി.

എന്നാല്‍ പിന്നീടാണ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ പവലിയനിലേക്കുള്ള ഘോഷയാത്ര ആരംഭിച്ചത്. സൂര്യകുമാര്‍ യാദവ് 7(8), ശിവം ദൂബെ 3(9), ഹാര്‍ദിക് പാണ്ഡ്യ 7(12), രവീന്ദ്ര ജഡേജ 0(1), അര്‍ഷ്ദീപ് സിംഗ് 9(13), ജസ്പ്രീത് ബുംറ 0(1) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. പാകിസ്ഥാന് വേണ്ടി ഹാരിസ് റൗഫ്, നസീം ഷാ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ആമിര്‍ രണ്ട് വിക്കറ്റും ഷഹീന്‍ ഷാ അഫ്രീദി ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാനെ ഓപ്പണർമാരായ ബാബർ അസമും (13) മുഹമ്മദ് റിസ്വ്വാ നും (31) ചേർന്ന് വലിയ കുഴപ്പങ്ങളില്ലാതെയാണ് മുന്നോട്ടു കൊണ്ടുപോയത്. സ്കോർ 26 ൽ നിൽക്കെ ബാബറിനെ വീഴ്ത്തി ബുംറ ഇന്ത്യയ്ക്ക് നിർണായകമായ മുൻ തൂക്കം നൽകി. റിസ്വ്വാ നൊപ്പം ചേർന്ന ഉസ്മാൻ (13) പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷ നൽകി മുന്നേറവേ , അക്സർ പട്ടേലിൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി മടങ്ങി. വിജയത്തിലേക്ക് പതിയെ കളിച്ച ഫക്കർ സമാനെ (13) ഹർദിക്കിൻ്റെ പന്തിൽ പന്ത് പിടിച്ച് പുറത്താക്കി. പിന്നാലെ , മുഹമ്മദ് റിസ്വാനെ ക്ലീൻ ബൗൾ ചെയ്ത് ബുംറ കളി ഇന്ത്യയുടെ കയ്യിൽ എത്തിച്ചു. ഷബദ്ഖാനെ (4) പാണ്ഡ്യയും , ഇഫ്തിക്കർ അഹമ്മദിനെ (5) ബുംറയും വീഴ്ത്തിയതോടെ കളി പാക്കിസ്ഥാന്റെ കയ്യിൽ നിന്നും പോകുമെന്ന് ഏതാണ്ട് ഉറപ്പായി. അവസാന ഓവറിൽ ഇമ്മാദ്  വസീമിനെ  (15) അർഷദ് കൂടി വീഴ്ത്തിയതോടെ ഇന്ത്യയ്ക്ക് ആറു റണ്ണിൻ്റെ ഉജ്ജ്വല വിജയം. 4 ഓവറിൽ 14 റൺ വഴങ്ങി 3 വിക്കറ്റ് പിഴുത ബുംറയാണ് ഇന്ത്യൻ പേസർമാരിൽ താരമായത്. പാണ്ഡ്യ രണ്ടും , അർഷദീപും അക്സർ പട്ടേലും ഓരോ വിക്കറ്റും വീഴ്ത്തി. വിക്കറ്റ് ലഭിച്ചില്ലെങ്കിലും നാല് ഓവറിൽ 19 റൺ മാത്രം മടങ്ങിയ സിറാജിന്റെ പ്രകടനം നിർണായകമായി. തോൽവിയോടെ പാക്കിസ്ഥാന്റെ സൂപ്പർ 8 സാധ്യതകൾ തുലാസിലായി. 

Hot Topics

Related Articles