ന്യൂഡല്‍ഹി: ഇന്ത്യൻ സേനയുടെ കരുത്തുകൂട്ടാൻ എഎച്ച് 64 ഇ അപ്പാച്ചെ ഹെലികോപ്ടറുകളെത്തുന്നു. മൂന്ന് എഎച്ച് 64 ഇ ഹെലികോപ്ടറുകള്‍ അടുത്ത രണ്ടുദിവസത്തിനകം സേനയുടെ ഭാഗമാകും.ഞായറാഴ്ചയോ തിങ്കളാഴ്ചയോ രാജസ്ഥാനിലെ ജോധ്പുരിലെത്തിക്കുന്ന ഹെലികോപ്ടറുകള്‍ ജൂലൈ 22-ന് സേനയിലേക്ക് ഔദ്യോഗികമായി ചേർക്കപ്പെടുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
പ്രതിരോധ നിർമാണ മേഖലയിലെ അമേരിക്കൻ ഭീമൻ ബോയിങ്ങാണ് ഈ ഹെലികോപ്ടറുകളുടെ നിർമാതാക്കള്‍. ഈ വിഭാഗത്തില്‍പ്പെട്ട ആറ് ഹെലികോപ്ടറുകളാണ് ഇന്ത്യ, ബോയിങ്ങില്‍നിന്ന് വാങ്ങാൻ കരാറായിരിക്കുന്നത്. ഇതില്‍ ആദ്യത്തെ മൂന്നെണ്ണമാണ് അടുത്തദിവസം ഇന്ത്യയിലെത്തുന്നത്. പടിഞ്ഞാറൻ അതിർത്തിയിലെ കരുത്തുകൂട്ടാനുള്ള നീക്കമാണിത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോകത്തിലെ തന്നെ ഏറ്റവും ആധുനികമായ അറ്റാക്ക് ഹെലികോപ്ടറാണ് എഎച്ച് 64ഇ അപ്പാച്ചെ. സംഘർഷമേഖലയില്‍ അതിശക്തമായ ആക്രമണം നടത്താൻ ഇവ പ്രാപ്തമാണ്. നിലവില്‍ യുഎസ്, യുകെ, ഇസ്രയേല്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ ആയുധപ്പുരകളിലാണ് എഎച്ച് 64 ഇ അപ്പാച്ചെ ഹെലികോപ്ടറുകളുള്ളത്. ആദ്യ ബാച്ച് ജോധ്പുരിലെത്തുന്നതോടെ മേല്‍പറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഭാഗമാകും.
പത്തുകൊല്ലം മുൻപ്, 2015-ലെ കരാറിന്റെ അടിസ്ഥാനത്തില്‍ 22 അപ്പാച്ചെ ഹെലികോപ്ടറുകള്‍ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായിരുന്നു. ഇപ്പോള്‍ എത്തിക്കുന്ന ഹെലികോപ്ടറുകള്‍ ഏവിയേഷൻ കോർപ്സിനുവേണ്ടിയാണ് വാങ്ങിയിട്ടുള്ളത്.